ടി.പി. വധം കേന്ദ്രകമ്മിറ്റി ഉടന്‍ ചര്‍ച്ച ചെയ്യണം: വി.എസ്‌

ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ . ടി.പി. വധം പാര്‍ട്ടി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യണമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടിയുണ്ടായാലും കുഴപ്പമില്ലെന്നും വി.എസ്. പറഞ്ഞു.ഇന്നു കാലത്ത് ഒന്‍പത് മണിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏ.കെ.ജി. ഭവനിലെത്തിയാണ് വി.എസ്. കാരാട്ടിനെ സന്ദര്‍ശിച്ച് തന്റെ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റിയോഗം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് വി.എസ്. കാരാട്ടിനെ സന്ദര്‍ശിച്ചത്.
vsടി.പി. വധം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കാനുതകുന്ന നടപടി ഉണ്ടാവണമെന്നും വി. എസ്. കാരാട്ടിനോട് ആവശ്യപ്പെട്ടു. ടി.പി. വധം സംബന്ധിച്ച പ്രശ്‌നത്തില്‍ കേന്ദ്ര നേതൃത്വം നിഷ്പക്ഷമായ നിലപാടാണ് എടുക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരെ ജനങ്ങള്‍ക്ക് ബോധ്യമാവുന്ന നടപടി കൈക്കൊള്ളണം. ടി.പി. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് ഔദ്യോഗികമായി നിലപാട്. എന്നാല്‍ , പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ദിവസം പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ നിലപാടില്‍ നിന്ന് വ്യതിചലിച്ചു. ഇത് ജനങ്ങളിലെ സംശയത്തെ ബലപ്പെടുത്തി. സാധാരണ മേല്‍ക്കമ്മിറ്റിയുടെ തീരുമാനം കീഴ്ക്കമ്മറ്റികള്‍ അംഗീകരിക്കുകയാണ ്പതിവ്. എന്നാല്‍ , ടി.പി. വധത്തിന്റെ കാര്യത്തില്‍ സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദത്തിന് കേന്ദ്രനേതൃത്വം വഴങ്ങുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ പോളിറ്റ്ബ്യൂറോ തന്നെ എതിര്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്-വി. എസ്. കാരാട്ടിനോട് പറഞ്ഞു.
ടി.പി.വധക്കേസില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വി.എസ്. മുഖ്യമന്ത്രിക്ക് കത്തയച്ച നടപടി ഇന്നലെ നടന്ന പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്തിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘടനാവിഷയം തത്കാലം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു പി.ബി.യിലുണ്ടായ പൊതുധാരണ. വി.എസ്സിനെതിരെയുള്ള നടപടി തത്കാലം മാറ്റിവെക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ നിര്‍ദേശിക്കുകയായരുന്നത്രെ.ഇന്നും നാളെയുമായി നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ , വി.എസിനെതിരെയുള്ള അച്ചടക്കനടപടി ആറംഗ പി.ബി. കമ്മീഷന് വിടാനുള്ള സാധ്യതയുമുണ്ടായിരുന്നു. വി.എസ്സിന്റെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ പി.ബി.യുടെ നടപടിക്ക് ഇന്ന് കേന്ദ്രകമ്മിറ്റി അംഗീകാരവും നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് വി.എസ്. വീണ്ടും തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് കാരാട്ടിനെ കണ്ടത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തെ അനുകൂലിച്ച് വി.എസ്. മുഖ്യമന്ത്രിക്ക് കത്തയച്ചത് പാര്‍ട്ടിക്കുള്ളിലും പുറത്തും വന്‍ വിവാദമായിരുന്നു. സി.ബി.ഐ. അന്വേഷണം പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണെന്നാണ് സി.പി.എം. പ്രചാരണം. ഇതിനുവിരുദ്ധമായിട്ടാണ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ ആവശ്യത്തെ അനുകൂലിച്ച് വി.എസ്. മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

KCN

more recommended stories