പി.സി.തോമസ് എന്‍.ഡി.എ. യിലേക്കോ .. രാഷ്ട്രീയ വനവാനത്തിനോ

pINI EGOTTE

കേരള കോണ്‍ഗ്രസ്സ് നേതാവായിരുന്ന പി.സി.തോമസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ടതോടെ ഇനി ഈ പാര്‍ട്ടിയുടെ ഭാവി എന്താകുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ( പി.സി. തോമസ് വിഭാഗം) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് ആദ്യം അല്പം ജനശ്രദ്ധ ഈ പാര്‍ട്ടി നേടിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് എന്തുകൊണ്ടോ ഈ പാര്‍ട്ടിയില്‍ അംഗങ്ങളായവര്‍ക്ക് തന്നെ താല്പര്യമില്ലാതായി. മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ളയുടെ പിന്‍ബലത്തില്‍ കുറെയധികം അംഗങ്ങള്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്‌ക്കറിയാ തോമസ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച് പി.സി.തോമസ് വിഭാഗത്തില്‍ നിന്നും പുറത്ത് വന്നപ്പോള്‍ സുരേന്ദ്രന്‍ പിള്ളയും സ്‌ക്കറിയാ തോമസിന്റെ പാര്‍ട്ടിയിലായി. വളരും തോറും പിളരുന്ന പാര്‍ട്ടിയായി മാറിയ കേരളാ കോണ്‍ഗ്രസ്സ് കേരളത്തിലും പ്രത്യേകിച്ച് കോട്ടയത്തും എത്രയുണ്ടെന്ന് കൃത്യമായി പറയാന്‍ വിഷമമായിരിക്കുകയാണ്.
പി.സി.ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസ്സ് സെക്യുലര്‍ വീണ്ടും പുന സംഘടിപ്പിച്ചതോടെ മാണി കേരളാ കോണ്‍ഗ്രസ് ഒന്ന് കൂടി മെലിഞ്ഞിരിക്കുകയാണ്. ഇനി കൂടെയുള്ളത് പി.ജെ.ജോസഫ് മാത്രമാണ്. പി.ജെ.ജോസഫാകട്ടെ ഇനി കുറച്ച് നാള്‍ കൂടിയല്ലേ ഭരണം , അതുവരെ പിടിച്ച് നില്‍ക്കാം എന്ന് നിനച്ചിരിക്കുകയാണ് . മാണികേരളാ കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ പി.സി.തോമസിന്റെ ശ്രമം ആ പാര്‍ട്ടിയിലുള്ളവര്‍ തന്നെ മുളയിലെ നുള്ളിക്കളഞ്ഞു എന്നാണറിയാന്‍ കഴിഞ്ഞത്. അതിന്റെ തുടക്കമായിരുന്നു, മാണിസാര്‍ അഴിമതി നടത്തുമെന്ന് കരുതുന്നില്ല എന്ന പ്രസ്താവന പി.സി.തോമസ് നടത്തിയത്. പക്ഷേ ആ പ്രസ്താവന ഇറക്കിയെങ്കിലും അതിന്റെ ഒരു പ്രതിഫലനവും ഒരിടത്തും കണ്ടില്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഒന്നോ രണ്ടോ നേതാക്കന്മാരുണ്ടെന്നല്ലാതെ അണികളില്ല എന്ന തിരിച്ചറിവ് മാണിക്കും പാര്‍ട്ടിക്കും നന്നായറിയാവുന്ന കാര്യമാണ്.
ഇതിനിടയില്‍ സ്‌കറിയാ തോമസിനെയും വി. സുരേന്ദ്രന്‍ പിള്ളയെയും എല്‍.ഡി.എഫ്. ന്റെ യോഗങ്ങളില്‍ പങ്കെടുപ്പിക്കാനും തുടങ്ങിയതോടെ അണികള്‍ എല്ലാരും തന്നെ അവരുടെ കൂടെ പോയി എന്നതാണ് അണിയറ സംസാരം. കേരള കോണ്‍ഗ്രസ്സ് (ബി) എന്ന ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്കും ജേക്കബ്ബ് കേരള കോണ്‍ഗ്രസ്സിനും ഓരോ എം.എല്‍.എ. മാരെങ്കിലുമുണ്ടല്ലോ – നിയമ സഭയില്‍ അംഗത്വമില്ലാത്ത ഏക പാര്‍ട്ടിയും പി.സി.തോമസിന്റെതാണ്.
ഇനി പി.സി. തോമസിന് ഒരേ ഒരു വഴിയേ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുള്ളൂ. പണ്ട് പ്രതിനിധീകരിച്ച എന്‍.ഡി.എ. സഖ്യത്തിലേക്ക് വീണ്ടും പോകാം. – സ്വീകരിക്കുമോ എന്നറിയില്ല. മുമ്പ് കേന്ദ്രമന്ത്രി വരെ , ആ സഖ്യത്തില്‍ നിന്നുകൊണ്ട് ആകാന്‍ സാധിച്ചത് മറന്നുകാണില്ലല്ലോ. താമസിയാതെ കേരള ജനത കേള്‍ക്കാന്‍ പോകുന്നതും ബി.ജെ.പി. നയിക്കുന്ന മുന്നണിയുടെ ഭാഗമാക്കാന്‍ തയ്യാറെടുക്കുന്നു എന്നതായിരിക്കും. ഇടതുമുന്നണി ഇത്രപെട്ടെന്ന് തങ്ങളെ ചവിട്ടിപ്പുറത്താക്കുമെന്ന് പി.സി.തോമസ് കരുതികാണില്ല.
മുമ്പ് ഡി.ഐ.സി.എന്ന പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ നേട്ടം കൊയ്തത് സി.പി.എം ആണ്. അന്ന് നിരവധി അണികള്‍ ഡി.ഐ.സി.യില്‍ നിന്നും നേരെ സി.പി.എം. ലേക്ക് ചേക്കേറിയിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന മലപ്പുറം വണ്ടൂരുള്ള ആനന്ദന്‍ മാസ്റ്ററും സംസ്ഥാന പ്രസിഡണ്ട് കാസര്‍കോട്ടെ കൊട്ടറ വാസുദേവും അടക്കം നിരവധി പേര്‍ ഇന്ന് സി.പി.എം.ന്റെ ഭാഗമാണ്. ഈ ഒരു നയമാണ് കേരള കോണ്‍ഗ്രസ്സ് പി.സി.തോമസ് വിഭാഗത്തിനോടും സി.പി.എം. കാണിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കണ്ട് തന്നെ അറിയണം.
പി.സി.തോമസിന്റെ പാര്‍ട്ടിക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമാവും. തനിക്കും തന്റെ പാര്‍ട്ടിക്കും സ്വാധീനമുണ്ടെന്ന് കാട്ടിക്കൊടുക്കല്‍ പി.സി.തോമസിന് അഭിമാനപ്രശ്‌നമാണ്. ഇല്ലെങ്കില്‍ പി.സി.തോമസിന്റേത് അകാലത്തില്‍ തന്നെ ഇല്ലാതാകുന്ന മറ്റൊരു പാര്‍ട്ടി ആകും. ഇത് മനസ്സിലാക്കി വേണം പി.സി.തോമസ് മുമ്പോട്ട് പോകാന്‍.

 

KCN

more recommended stories