കര്‍ക്കിടകത്തെയ്യം ഗൃഹസന്ദര്‍ശനം തുടങ്ങി

karkidakaചില പ്രദേശങ്ങളില്‍ കര്‍ക്കടകമാസം കെട്ടിയാടുന്ന ഒരു തെയ്യങ്ങള്‍ ആണ് ആടിയും വേടനും. സാധാരണ തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങള്‍ കെട്ടുന്നത് ചെറിയ കുട്ടികള്‍ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു.
പാര്‍വ്വതിയും പരമേശ്വരനുമാണ് ഈ തെയ്യങ്ങളുടെ അടിസ്ഥാനം. കര്‍ക്കടക സംക്രമം മുതല്‍ ആടി വേടന്മാര്‍ ആരംഭിക്കും. ആടി എന്ന പാര്‍വ്വതി വേഷം കെട്ടുന്നത് വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുന്നത് മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്. വേടന്‍ ആണ് ആദ്യം വരുന്നത്. മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ആടിയും വരും.. കോലക്കാരുടെ വീടുകളില്‍ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടി വേടന്മാര്‍ക്ക് യാത്രാവേളയില്‍ അകമ്പടിയായി ചെണ്ട കൊട്ടാറില്ല. വീട്ടു പടിക്കല്‍ എത്തുമ്പോള്‍ മാത്രമേ ചെണ്ടകൊട്ടല്‍ ആരംഭിക്കുകയുള്ളൂ. ഒറ്റ ചെണ്ട മാത്രമേ ആടിവേടന്മാര്‍ക്ക് സാധാരണ ഉണ്ടാകാറുള്ളൂ.


ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടന്‍ കെട്ടാന്‍ അനുവാദം.ഒരാള്‍ വേടന്റെ പുരാവൃത്തം പാടുമ്പോള്‍ വേടന്‍ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടുംനടനം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയില്‍ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാല്‍ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്.തപസ്സ് ചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ ശിവനും പാര്‍വ്വതിയും വേട രൂപത്തില്‍ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാര്‍ വരുന്നതിനു മുന്‍പേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോള്‍ മലയന്റെ വേടനാണെങ്കില്‍ കിണ്ണത്തില്‍ കലക്കിയ കറുത്ത ഗുരുസിതെക്കോട്ടും,വണ്ണാന്റെ വേടനാണെങ്കില്‍ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി,മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം. ആടിവേടന്മാരെ വരവേല്‍ക്കാന്‍ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തില്‍ അരി, പച്ചക്കറി, ധാന്യങ്ങള്‍, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടര്‍ക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും.അതെല്ലാം തുണി മാറാപ്പില്‍ ഇട്ട് അടുത്ത വീട്ടിലേക്ക് വേടന്‍ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥര്‍ അവര്‍ക്കു നല്‍കും.പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവര്‍ക്ക് ലഭിക്കുന്നു.

KCN

more recommended stories