ലോകത്തെ കരയിച്ച അയ്‌ലന്‍ കുര്‍ദി….

ailanഒരൊറ്റ ചിത്രത്തിന് മുന്നില്‍ ലോകം മുഴുവന്‍ കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. തുര്‍ക്കി കടല്‍ത്തീരത്തണിഞ്ഞ ആ മൂന്ന് വയസ്സുകാരന്റെ മൃതദേഹം ഏത് കഠിന ഹൃദയനേയും കരയിയ്ക്കുന്നതായിരുന്നു. ചുവന്ന ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച അവന്റെ മൃതദേഹത്തിലേയ്ക്ക് കണ്ണ് നനയാതെ നോക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കടല്‍ത്തീരത്ത് ഓടിക്കളിച്ച് ക്ഷീണിച്ച്, മണലില്‍ മുഖമമര്‍ത്തിക്കിടക്കുന്ന ഒരു കുഞ്ഞ് എന്ന് തോന്നിപ്പിയ്ക്കുന്ന ആ ചിത്രത്തിന് ഒരുപാട് പറയാനുണ്ട്. ആരാണ് ആ പിഞ്ചു ബാലന്‍? സിറിയയില്‍ നിന്ന് ജീവനും കൈയ്യില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരുപാടുപേരില്‍ ഒരാള്‍… അയ്‌ലന്‍ കുര്‍ദി….
സിറിയ ഇപ്പോള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഒരു വശത്ത് ഐസിസിന്റെ കൊടും ക്രൂരതകള്‍ മറുവശത്ത് പട്ടാളത്തിന്റെ പീഡനങ്ങള്‍. സിറിയയിലുള്ളവര്‍ക്ക് പ്രതീക്ഷ യൂറോപ്പ് മാത്രമാണ്. കാടും മലയും കടലും കടന്ന് അവിടെയെത്താനുള്ള തത്രപ്പാടിലാണ് അയ്‌ലാന്റെ ജീവന്‍ നഷ്ടപ്പെട്ടത്. അയ്‌ലന്‍ കുര്‍ദി മാത്രമല്ല മരിച്ചത്. അവന്റെ അഞ്ച് വയസ്സുകാരന്‍ സഹോദരന്‍ ഗാലിബും, 35 വയസ്സുള്ള മാതാവ് റിഹാനും എല്ലാം മരിച്ചു. തുര്‍ക്കിയിലെ തന്നെ മറ്റൊരു തീരത്ത് നിന്ന് ഗാലിബിന്റെ മൃതദേഹവും കണ്ടെടുത്തു. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്‌ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു.അയ്‌ലന്റെ കുടുംബത്തില്‍ ഇനി അവശേഷിയ്ക്കുന്നത് പിതാവ് മാത്രമാണ്. എന്നാല്‍ ആഗോള തലത്തില്‍ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ പരിഹാരം ഒരു പക്ഷേ അയ്‌ലന്റെ മരണത്തിലൂടെയാകും സാധ്യമാവുക. ആഗോള മാധ്യമങ്ങളെല്ലാം തന്നെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നു അയ്‌ലന്റെ മൃതദേഹത്തിന്റേത്.

KCN