ഇന്ന് ദേശീയ അധ്യാപക ദിനം

teachers dayഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഉലച്ചിലുകളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തില്‍ ആ ബന്ധം ദൃഢമാകേണ്ടതിന്റെ അവശ്യകത വിളിച്ചോതി വീണ്ടുമെത്തുകയാണ് ഒരധ്യാപക ദിനം കൂടി. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് ഇന്ത്യയില്‍ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ആഘോഷിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അദ്ദേഹമത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഇങ്ങനെ പറഞ്ഞു.

‘നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ അഞ്ച് എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിക്കുക.’ അതിന് ശേഷമാണ് ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും സ്വന്തമായി ഒരു ദിവസമുണ്ടായത്.

വിദ്യ പകര്‍ന്നു തരുന്നവര്‍ ആരായാലും അവര്‍ അധ്യാപകരാണ്. അതിനാല്‍ ജീവിത വഴിയില്‍ എവിടെ കണ്ടുമുട്ടുമ്പോളും അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. വിദ്യാര്‍ത്ഥികളുടെ പ്രിയ അധ്യാപകരായിരുന്ന ഡോ എ പി ജെ അബ്ദുള്‍ കലാമിനേയും കുഞ്ഞുണ്ണി മാഷേയും ഓര്‍ത്തു കൊണ്ട് ഈ അധ്യപാക ദിനം നമുക്ക് അവരുള്‍പ്പെടെയുള്ള അധ്യാപകര്‍ക്കായി സമര്‍പ്പിക്കാം.

KCN

more recommended stories