വെസ്റ്റ്എളേരിയില്‍ 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു

waterവെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മഴ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സംഭരണികള്‍ ഒരുങ്ങുന്നത്. ഈ മാസം 30 ഓട് കൂടി മുഴുവന്‍ മഴവെള്ള സംഭരണികളുടെയും നിര്‍മ്മാണം  പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത് .വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഊര്‍ന്ന് പോകുന്ന വെള്ളം  ശുദ്ധീകരിച്ച് ടാങ്കിലേക്ക് എത്തിക്കും. ടാങ്കില്‍ നിന്ന് നേരിട്ട് വീട്ടിലെ ടാപ്പുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് മഴവെള്ള സംഭരണിയുടെ പ്രവര്‍ത്തനം. ഒരു വീട്ടില്‍ മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിന് 39,500 രൂപയാണ് ചിലവ്.  ഇതില്‍ 90 ശതമാനം വകുപ്പ് വഹിക്കും. അവശേഷിക്കുന്ന 10 ശതമാനം തുകയാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ഗുണഭോക്താവ് ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണെങ്കില്‍ 5  ശതമാനം  തുക മാത്രം വഹിച്ചാല്‍ മതി. ഗ്രാമസഭകള്‍ വഴിയാണ് ഇതിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ജില്ലയില്‍ മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലും ഇവിടെയുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക്  മുന്‍ഗണന നല്‍കികൊണ്ടാണ് മഴകേന്ദ്രം പദ്ധതി നടപ്പിലാക്കുന്നത്.

KCN