നായ്ക്കളെ വന്ധ്യംകരിക്കാനെത്തിച്ചാല്‍ 250 രൂപ

തിരുവനന്തപുരം: പേവിഷബാധയേറ്റതും ആക്രമണകാരികളുമായ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ആക്രമണകാരികളായ തെരുവുനായ്ക്കളെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരമുപയോഗിച്ച് കൈകാര്യം ചെയ്യാനാവുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പട്ടിയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലും കൂടുതല്‍ മരുന്ന് ലഭ്യമാക്കും. ആക്രമണകാരികളായ നായ്ക്കളെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. നിയമത്തില്‍ത്തന്നെ ഇതിന് വ്യവസ്ഥയുണ്ട്. നായ്ക്കളെ കൊല്ലാമെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യജീവനാണ് പ്രധാനം. നായ്ക്കളെ വന്ധ്യംകരിക്കുകയും പ്രജനനം നിയന്ത്രിക്കുകയുമാണ് സര്‍ക്കാര്‍ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള നടപടികള്‍ കൂടുതല്‍ വ്യാപകമാക്കും. തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നതായി നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. അതിനാലാണ് മന്ത്രിസഭ ഇക്കാര്യം ചര്‍ച്ചചെയ്ത് നടപടിയിലേക്ക് കടക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, നായ്ക്കളെ വന്ധ്യംകരിക്കാന്‍ മൃഗാശുപത്രികളിലെത്തിക്കുന്നവര്‍ക്കും തിരികെ കൊണ്ടുപോകുന്നവര്‍ക്കും 250 രൂപ വീതം നല്‍കാന്‍ തെരുവുനായ്ക്കളുടെ നിയന്ത്രണത്തെക്കുറിച്ച് പഠിച്ച മന്ത്രിതല ഏകോപനസമിതി നിര്‍ദേശിച്ചു. ‘സേഫ് കേരള’ എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിച്ചാല്‍ 250 രൂപ വീതം നല്‍കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഒക്ടോബര്‍ 1ന് പദ്ധതി തുടങ്ങും. ഡിസംബറിനകം കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

KCN

more recommended stories