റോഡിലെ കുഴിയില്‍ വീണയാളെ ജീവനോടെ ടാര്‍ ചെയ്തു മൂടിക്കളഞ്ഞു

ന്യൂഡല്‍ഹി: റോഡിലെ കുഴിയില്‍വീണ് അബോധാവസ്ഥയില്‍ക്കിടന്നയാളെ ജീവനോടെ മൂടിക്കളഞ്ഞു. മധ്യപ്രദേശിലെ കത്‌നിയിലാണ് നാടിനെ നടുക്കിയ സംഭവം. സ്ലീമാന്‍ബാദ് ഗ്രാമവാസി ലത്തോരിലാല്‍ എന്ന 45-കാരനാണ് അതിദാരുണമായി മരിച്ചത്.
വെള്ളിയാഴ്ച രാത്രി വീട്ടിലേക്കു നടന്നുപോകുന്നതിനിടയിലാണ് നിര്‍മാണം നടക്കുന്ന റോഡിലെ കുഴിയില്‍ ലത്തോരിലാല്‍ വീണത്. പിറ്റേന്നു രാവിലെ റോഡുപണിക്കെത്തിയ തൊഴിലാളികള്‍ ഇതറിയാതെ കുഴി മണ്ണിട്ടു മൂടുകയായിരുന്നു. മണ്ണിട്ടുമൂടിയ സ്ഥലം തൊഴിലാളികള്‍ റോഡ് റോളറുപയോഗിച്ച് ശരിയാക്കി ടാറിടുകയുംചെയ്തു. റോഡ് ടാര്‍ചെയ്ത ഭാഗത്ത് ഗ്രാമവാസികള്‍ ഷര്‍ട്ടിന്റെ ഭാഗം പുറത്തേക്കു കണ്ടതാണ് തിരച്ചിലിനിടയാക്കിയത്. ഈഭാഗം കുഴിച്ചുനോക്കിയപ്പോഴാണ് ലത്തോരിലാലിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ലത്തോരിലാലും ഭാര്യയും വീടുപൂട്ടി പുറത്തുപോയതായിരുന്നു. ഇവര്‍തമ്മില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് ലത്തോരിലാല്‍ നേരത്തേ വീട്ടിലേക്കു മടങ്ങി. മദ്യപിച്ചതിനാല്‍ കുഴിയില്‍വീണ ലത്തോരിലാലിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ലത്തോരിലാലിനെ കാണാതിരുന്ന നാട്ടുകാരും വീട്ടുകാരും തിരച്ചില്‍നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റോഡുനിര്‍മാണത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണത്തിനുത്തരവിട്ടു. ലത്തോരിലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന്‍ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

KCN

more recommended stories