പെനല്‍റ്റി പാഴാക്കിയ ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിനെതിരെ സമനില

blasters

ആദ്യ പകുതിയിലെ ചെന്നൈയിന്‍ എഫ്‌സിയുടെ പെനല്‍റ്റി ഗോള്‍, രണ്ടാം പകുതിയിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പെനല്‍റ്റി നഷ്ടം, ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ക്രിസ് ഡാഗ്നലിന്റെ 100-ാം കരിയര്‍ ഗോള്‍, 75-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ മുഖത്ത് ചവിട്ടിയ ബ്രൂണോ പെറോണിന് ചുവപ്പു കാര്‍ഡ്. സംഭവബഹുലമായ നാലാം ഹോം മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില (1-1). ചെന്നൈയിന്‍ എഫ്‌സിക്കായി ആദ്യ പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് എലാനോയും (34), ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം പകുതിയില്‍ ക്രിസ് ഡാഗ്നലും (46) ഗോള്‍ നേടി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡാഗ്നലിന്റെ ആദ്യ ഗോളാണിത്. ഡാഗ്നലിന്റെ 100-ാം കരിയര്‍ ഗോളും.

നാലു തുടര്‍തോല്‍വികള്‍ക്കു ശേഷമുള്ള സമനിലയുടെ ആശ്വാസത്തിനിടയിലും 52-ാം മിനിറ്റില്‍ ഹോസു പ്രീറ്റോ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി പാഴാക്കിയത് ആരാധകര്‍ക്കും ടീമിനും നൊമ്പരക്കാഴ്ചയായി. സമനിലയുടെ പിന്‍ബലത്തില്‍ ലഭിച്ച ഒരു പോയിന്റുള്‍പ്പെടെ 10 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി നാലാം സ്ഥാനത്തേക്ക് കയറി. ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.

കളിക്കാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ഏറെ പഴി കേട്ട തന്റെ മുന്‍ഗാമി പീറ്റര്‍ ടെയ്‌ലറിന്റെ ശൈലിയില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു ട്രെവര്‍ മോര്‍ഗന്റെ തുടക്കം. പുണെയ്‌ക്കെതിരായ മല്‍സരം തോറ്റെങ്കിലും അന്ന് കളിച്ച പ്ലേയിങ് ഇലവനില്‍ മോര്‍ഗന്‍ വരുത്തിയത് മൂന്നു മാറ്റം മാത്രം. മാര്‍ക്കസ് വില്യംസിന് പകരം ഇന്ത്യന്‍ താരം സൗമിക് ഡേയും ഹോസു പ്രീറ്റോയ്ക്ക് പകരം ബ്രൂണോ പെറോണും ശങ്കര്‍ സാമ്പിഗിരാജിന് പകരം സാഞ്ചസ് വാട്ടും വന്നു. ഇറ്റാലിയന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസിയും ടീമിനെ ഇറക്കിയത് രണ്ടു മാറ്റങ്ങളുമായി. ബര്‍ണാര്‍ഡ് മെന്‍ഡിയും ധനചന്ദ്ര സിങ്ങും ജയേഷ് റാണെയും പുറത്തിരുന്നപ്പോള്‍ റാള്‍ട്ടെയും ലാല്‍പെഖുലയും പൊട്ടെന്‍സയും ആദ്യ ഇലവനിലെത്തി.

ആദ്യ മല്‍സരങ്ങളില്‍ മൂടിക്കെട്ടിയ ആകാശത്തിന് കീഴിലായിരുന്നു മല്‍സരമെങ്കില്‍ ഇന്നത്തെ മല്‍സരത്തിന്റെ തുടക്കം തന്നെ മഴയുടെ അകമ്പടിയോടെയായിരുന്നു. ആദ്യപകുതിയിലുടനീളം മഴയുണ്ടായിരുന്നു. മല്‍സരത്തിലെ ആദ്യത്തെ നീക്കമുണ്ടായത് ചെന്നൈയിന്‍ എഫ്‌സി വക. പന്തുമായി മുന്നേറിയ വാഡു ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തി നല്‍കുമ്പോള്‍ സ്വീകരിക്കാന്‍ ചെന്നൈയിന്‍ താരങ്ങള്‍ ഇല്ലാതെ പോയത് ഭാഗ്യം.

ചാറിപ്പെയ്തുകൊണ്ടിരുന്ന മഴയിലും കാണികളെ ആവേശത്തിലാഴ്ത്തി പിന്നീട് ശ്രദ്ധേയ നീക്കങ്ങള്‍ നടത്തിയത് കേരളാ ബ്ലാസ്റ്റേഴ്‌സ്. അഞ്ചാം മിനിറ്റില്‍ത്തന്നെ ഭേക്കെയില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറാനുള്ള കോയിമ്പ്രയുടെ ശ്രമം പൊട്ടെന്‍സ തടഞ്ഞത് കോര്‍ണര്‍ വഴങ്ങി. എന്നാല്‍ മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ ഗോളി ലളിതമായി കൈയിലൊതുക്കി.

തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് ഇടതടവില്ലാതെ ചെന്നൈയിന്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തി. അലകടലായെത്തിയ ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങള്‍ക്കിടെ മെന്‍ഡോസയും എലാനോയുമുള്‍പ്പെട്ട ചെന്നൈയിന്‍ നിര ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം വിതച്ചത് അപൂര്‍വമായി മാത്രം. എന്നാല്‍, ഗോളുകള്‍ ഫലം നിര്‍ണയിക്കുന്ന മല്‍സരത്തില്‍ കേരളം ഞെട്ടിയത് 34-ാം മിനിറ്റില്‍. ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തനായ പ്രതിരോധനിരതാരം സന്ദേശ് ജിങ്കാന്‍ വഴങ്ങിയ പെനല്‍റ്റിയാണ് കേരളത്തെ പിന്നോട്ടടിച്ചത്.

34-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത ഗോള്‍. ബോക്‌സിന് പുറത്തുനിന്നും എലാനോ ഉയര്‍ത്തിക്കൊടുത്ത പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ സന്ദേശ് ജിങ്കാന്‍ വീഴ്ത്തി. ചെന്നൈയിന്‍ എഫ്‌സിക്ക് അനുകൂലമായി പെനല്‍റ്റി. പെനല്‍റ്റി അനുവദിച്ചതിനെതിരെ നായകന്‍ പീറ്റര്‍ റാമേജിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചുനോക്കിയെങ്കിലും ഫലംകണ്ടില്ല. കിക്കെടുത്തത് സെറ്റ്പീസ് വിദഗ്ധന്‍ ബ്രസീലിന്റെ എലാനോ. അദേഹത്തിന്റെ കിക്ക് ഗോളിയെ കബളിപ്പിച്ച് വലയില്‍. ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. തൊട്ടുപിന്നാലെ ലീഡ് വര്‍ധിപ്പിക്കാന്‍ ചെന്നൈയിന് അവസരം ലഭിച്ചതാണ്. വാഡു ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ മെന്‍ഡോസയുടെ ഷോട്ട് ബൈവാട്ടര്‍ കുത്തിയകറ്റി.

40-ാം മിനിറ്റില്‍ പരുക്കേറ്റ കോയിമ്പ്രയ്ക്ക് പകരം ഹോസു പ്രീറ്റോ കളത്തിലിറങ്ങി. 44-ാം മിനിറ്റില്‍ ഹോസുവിന്റെ ഷോട്ട് ബോക്‌സിനുള്ളില്‍ മെയ്ല്‍സന്‍ തടഞ്ഞു. പിന്നാലെ തലയ്‌ക്കൊപ്പം വന്ന പന്തില്‍ ഹെഡറിനുള്ള റാഫിയുടെ ശ്രമം ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഇരു ടീമുകള്‍ക്കും ഓരോ അവസരം ലഭിച്ചു. ചെന്നൈയിന് ലഭിച്ച അവസരം ലാനോയും ബ്ലാസ്‌റ്റേഴ്‌സിന്റേത് ഡാഗ്നലും പാഴാക്കി.

ഇടവേളയ്ക്ക് ശേഷം തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ കേരളം സമനില പിടിച്ചു. കരിയറിലെ 100-ാം ഗോളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഗോളും നേടിയ ക്രിസ് ഡാഗ്നലിന്റെ തകര്‍പ്പന്‍ ഹെഡറിന് നന്ദി. ഇടതുവിങ്ങില്‍ നിന്നും അളന്നുമുറിച്ച ക്രോസ് നല്‍കിയ ഇന്ത്യന്‍ താരം സൗമിക് ഡേ ആയിരുന്നു ഗോളിന് പിന്നിലെ ബുദ്ധികേന്ദ്രം. ചെന്നൈയിന്‍ പ്രതിരോധ നിര താരങ്ങള്‍ക്കിടയില്‍നിന്നുള്ള ഡാഗ്നലിന്റെ ഹെഡര്‍ പിഴച്ചില്ല. പന്ത് വലയെ ചുംബിച്ചതും സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. സ്‌കോര്‍ 1-1.

52-ാം മിനിറ്റിലായിരുന്നു ലീഡ് നേടുന്നതിനുള്ള സുവര്‍ണാവസരമൊരുക്കി റഫറി കേരളത്തിന് പെനല്‍റ്റി അനുവദിച്ചത്. ഹോസു പ്രീറ്റോയെടുത്ത ഫ്രീകിക്ക് രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെ ബോക്‌സിനുള്ളില്‍ മെയ്ല്‍സന്‍ പീറ്റര്‍ റാമേജിനെ വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. ചെന്നൈയിന്‍ താരങ്ങള്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്തത് ഹോസു പ്രീറ്റോ. എന്നാല്‍, പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി ഹോസു തൊടുത്ത ഷോട്ട് അതേ ദിശയിലേക്ക് ചാടിയ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്ത് സിങ് തട്ടിയകറ്റി. ഹോസു പ്രീറ്റോയുടെ പിഴവിനേക്കാള്‍ കരണ്‍ജിത്തിന്റെ മികവിനെ നമിച്ചുപോകുന്ന സേവ്.

61-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ കരണ്‍ജിത്ത് വീണ്ടും വിലങ്ങുതടിയായി. ഹോസു പ്രീറ്റോയെടുത്ത ഫ്രീകിക്കില്‍ ക്രിസ് ഡാഗ്നലിന്റെ തകര്‍പ്പന്‍ ഹെഡര്‍. എന്നാല്‍ വലത്തേക്ക് ഡൈവ് ചെയ്ത കരണ്‍ജിത്ത് സിങ് അത് കുത്തിയകറ്റി. 63-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക്. പ്രീറ്റോ നിലം പറ്റെ തൊടുത്ത ഷോട്ട് പോസ്റ്റിന് വലതുഭാഗത്തുകൂടെ പുറത്തേക്ക് പോയി. 68-ാം മിനിറ്റില്‍ ഭേക്കെ ഉയര്‍ത്തി നല്‍കിയ പന്തില്‍ സാഞ്ചസ് വാട്ട് തൊടുത്ത ഷോട്ട് ചെന്നൈയിന്‍ പ്രതിരോധ നിര താരത്തിന്റെ ദേഹത്ത് തട്ടി പുറത്തേക്ക്. പിന്നാലെ ചെന്നൈയിന് കിട്ടിയ മികച്ചൊരു അവസരം എലാനോയുടെ ഷോട്ട് പക്ഷേ ബൈവാട്ടര്‍ കൈയിലൊതുക്കി.

75-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ്് ബോക്‌സിന് പുറത്ത് മെന്‍ഡോസയുടെ മുഖത്ത് തൊഴിച്ച ബ്രൂണോ പെറോണ്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തേക്ക്. പന്തുമായി മുന്നേറാന്‍ ശ്രമിച്ച മെന്‍ഡോസയെ തടയാനുള്ള പെറോണിന്റെ ശ്രമമാണ് ചുവപ്പുകാര്‍ഡില്‍ കലാശിച്ചത്. എലാനോയെടുത്ത ഫ്രീകിക്ക് ആകട്ടെ പുറത്തുപോയി. പിന്നാലെ ലഭിച്ച കോര്‍ണറില്‍ എലാനോ ഉയര്‍ത്തി നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിക്കാനുള്ള മെയ്ല്‍സന്റെ ശ്രമം പുറത്തേക്ക്.

80-ാം മിനിറ്റില്‍ മുഹമ്മദ് റാഫിക്ക് പകരം ഇഷ്ഫാക് അഹമ്മദ് എത്തി. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും ലീഡിനായി സമ്മര്‍ദം ചെലുത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നതോടെ സീസണില്‍ കേരളത്തിന് രണ്ടാം സമനില. നാലു തുടര്‍ തോല്‍വികളില്‍ നിന്നുള്ള മോചനവും.

KCN

more recommended stories