ബാബുവിന് ഒരു കോടി നേരിട്ട്‌ നല്‍കി; നുണപരിശോധനക്ക് വെല്ലുവിളിച്ച് ബിജു രമേശ്

biju ramesh km mani babuതിരുവനന്തപുരം: കെ.എം മാണി രാജിവച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ നിലപാട് ശക്തമാക്കി.  സെക്രട്ടേറിയറ്റിലെത്തി ബാബുവിന് രണ്ടുതവണ 50 ലക്ഷം രൂപവീതം താന്‍ നേരിട്ട് നല്‍കിയിരുന്നു. ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 25 കോടിയില്‍ 23.5 കോടിയും നല്‍കിയത് ബാബുവിനും ബാബു പറഞ്ഞവര്‍ക്കുമാണെന്നും ബിജു രമേശ് പറഞ്ഞു. ബാബുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് തവണയായി ഒരു കോടി രൂപ നല്‍കിയെന്ന കാര്യത്തില്‍ നുണപരിശോധനക്ക് ബാബു തയ്യാറാണോ എന്നും ബിജു വെല്ലുവിളിച്ചു.

മാണിക്കും ബാബുവിനുമെതിരെ രണ്ട് നയമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്. ബാബുവിനെതിരെ താന്‍പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ പോലും അവര്‍ തയ്യാറായില്ല. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് മൊഴി നല്‍കാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞു. വിന്‍സന്‍ എം പോള്‍ ആണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉദ്യോഗസ്ഥന് നല്‍കിയത്.

ബാബുവിനെ ഉപദ്രവിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം പലരും പറഞ്ഞുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബാറുടമ പോളക്കുളം കൃഷ്ണദാസ് ബാബുചേട്ടനെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. സമുദായത്തിന്റെ പേരിലും പലരും അദ്ദേഹത്തെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു- ബിജു പറഞ്ഞു.

ബിജു രമേശിന്റെ ആരോപണത്തെ ഭയക്കുന്നില്ലെന്നും നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ.ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് ബിജു രമേശ് പ്രതികരിച്ചത്. തന്റെ ദൂതന്‍ മന്ത്രി ബാബുവിനെ ചെന്നു കണ്ടു എന്ന് പറയുന്നത് ശരിയല്ല. അടുത്തയാഴ്ച 50 ലക്ഷം രൂപക്ക് മാനനഷ്ടക്കേസ് ഫയല്‍ചെയ്യാനിരിക്കുമ്പോള്‍ ഞാന്‍ എന്തിന് ദൂതനെ അയക്കണം- ബിജു ചോദിച്ചു.

KCN

more recommended stories