കുറഞ്ഞ ശമ്പളം 18,000 രൂപ: കൂടിയത് 2,50,000

salary scaleന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന ശുപാര്‍ശ ചെയ്യുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23.55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാകുക. ക്ഷാമബത്തയില്‍ 63 ശതമാനത്തിന്റെ വര്‍ധനയുണ്ട്. പെന്‍ഷനുകളില്‍ 24 ശതമാനമാണ് വര്‍ധന. ജീവനക്കാരുടെ ഇന്‍ക്രിമെന്റില്‍ മൂന്ന് ശതമാനം വര്‍ധനയുണ്ടാകും. പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയായിരിക്കും. ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായ കമ്മീഷനാണ് പുതുക്കിയ ശമ്പളം നിശ്ചയിച്ചത്. ശമ്പള സ്‌കെയിലുകളുടെ എണ്ണവും വെട്ടിക്കുറച്ചു.

ഉദ്യോഗസ്ഥ തലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം 2,25,000 രൂപയാണ്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ക്ക് 2,50,000 രൂപയാണ് പുതിയ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. 1,02,100 കോടി രൂപയുടെ അധികബാധ്യതയാകും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുക. കേന്ദ്രസേനയിലെ വിരമിക്കല്‍ പ്രായം 60 വയസായി ഏകീകരിക്കാനും നിര്‍ദേശമുണ്ട്. ഒരേ റാങ്കിന് ഒരേ പെന്‍ഷന്റെ ആനുകൂല്യം എല്ലാ സൈനികര്‍ക്കും നടപ്പിലാക്കണമെന്നും ശുപാര്‍ശയിലുണ്ട്.

 

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സമര്‍പ്പിച്ചു. 2016 ജനവരി ഒന്നുമുതല്‍ പുതുക്കിയ ശമ്പളം നടപ്പിലാക്കണമെന്നാണ് ശുപാര്‍ശ. സൈനിക റാങ്കില്‍ കുറഞ്ഞ ശമ്പളം 21700 രൂപയും കൂടിയത് 2,50,000 രൂപയുമാണ്. എന്നാല്‍ ഇതില്‍ മിലിട്ടറി നേഴ്‌സിങ് രംഗത്തുള്ളവര്‍ ഉള്‍പ്പെടില്ല. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ പ്രയോജനം കിട്ടും.

KCN

more recommended stories