‘സ്‌നേഹപൂര്‍വം കാസര്‍കോടിന്’ മുതുകാട് മാജിക് ഷോ ജനുവരി 9ന്

mudhukadകാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിത കുഞ്ഞുങ്ങൾക്കു മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാനുള്ള ശ്രമങ്ങൾക്കു പിന്തുണയുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട് പുതുവർഷത്തിൽ ‘സ്നേഹപൂർവം കാസർകോടിന്’ മാജിക് ഷോ അവതരിപ്പിക്കും.

ജനുവരി ഒൻപതിന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ ഷോ നടത്താൻ കലക്ടർ പി.എസ്. മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പ്രതിഫലം വാങ്ങാതെയാണ് മുതുകാട് ഷോ അവതരിപ്പിക്കുക. അതേസമയം, കാസർകോട്ടെ ദുരിതബാധിത കുരുന്നുകളെ സഹായിക്കാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്ക് ഈ സ്നേഹസംരംഭത്തിൽ പങ്കാളിയാവാം. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണം ഫെയ്സ്ബുക്കിലൂടെയും മനോരമയിലൂടെയും മുതുകാട് അഭ്യർഥിച്ചിട്ടുണ്ട്. മനോരമയുടെ ഈ പൂക്കളും വിരിയട്ടെ പരമ്പരയിലൂടെ കാസർകോട്ടെ ദുരിതബാധിത കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതമറിഞ്ഞ മുതുകാട് മുളിയാറിലെ തണൽ ബഡ്സ് സ്കൂളിലെ കുട്ടികളെ കാണാനെത്തിയിരുന്നു.കുട്ടികൾക്കൊപ്പം സമയം ചെലവിട്ട ശേഷം മാജിക് ഷോ അവതരിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചു കലക്ടറെ കാണുകയായിരുന്നു. എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പെടെയുള്ളവർ പൂർണ പിന്തുണ അറിയിച്ചതോടെ ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു. നടത്തിപ്പിനായി പി. കരുണാകരൻ എംപി മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. പ്രവേശനം പാസ് മൂലമായിരിക്കും. പൊതുജനങ്ങൾക്കു കാണാനായി എൽഇഡി സ്ക്രീൻ സൗകര്യവും ഒരുക്കും

KCN