രാഷ്ട്രീയ നിരോധനം ക്യാംപസുകളിലെത്തിച്ചത് മയക്കുമരുന്ന് സംസ്കാരം: സുധീരൻ

vm sudതിരുവനന്തപുരം ∙ ക്യാംപസുകളിൽ രാഷ്ട്രീയ നിരോധനം ഏർപ്പെടുത്തിയതു വഴി പകരമെത്തിയത് വർഗീയ ഫാസിസവും മയക്കുമരുന്ന് സംസ്കാരവുമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. അതിനു പിന്നിൽ കച്ചവട താൽപര്യമുണ്ടോയെന്ന് സമൂഹം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനക്ഷേമ ബോർഡിന്റെ യുവജന കൂട്ടായ്മയിൽ രാഷ്ട്രീയ നേതൃത്വ പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ രാഷ്ട്രീയം ക്യാംപസുകളിൽ അനിവാര്യമാണ്. ലഹരിയുടെ സ്വാധീനം യുവതലമുറയുടെ ജീവിതത്തേയും സർഗ്ഗാത്മകതയേയും വഴി തിരിച്ചു വിടുന്നത് ഗൗരവമായി കാണണം. അന്തർദേശീയ തലത്തിൽ തന്നെ ലഹരിയുടെ ലോബികൾ പ്രവർത്തിക്കുന്നുണ്ട.

പരിവർത്തനം ആഗ്രഹിക്കുന്ന സമൂഹമാണ് യുവാക്കൾ. യുവശക്തിയെ സമൂഹ നന്മയ്ക്കായി ഉപയോഗിക്കണമെന്നും രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യുവാക്കളുടെ പങ്കാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നാം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് നിരക്കാത്ത ശക്തിക്കെതിരെ പ്രവർത്തിക്കാനും നീതി നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാനും യുവമനസ്സുകൾക്ക് സാധിക്കണം. പ്രതിസന്ധികൾ തരണം ചെയ്ത് ഇച്ഛാശക്തിയോടെ ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാൻ യുവാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അസഹിഷ്ണുത എന്ന വിഷയത്തിൽ എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, പി. ശ്രീരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശിൽപശാലയുടെ കോർഡിനേറ്റർ ബ്രഹ്മനായകൻ മഹാദേവൻ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.എസ്. പ്രശാന്ത്, മെംബർ സെക്രട്ടറി കെ. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുമായി വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

KCN

more recommended stories