പ്രമോദിന്റെ ‘ജാതിമരം’എന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

pramodകാഞ്ഞങ്ങാട്: കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കാഞ്ഞങ്ങാട്ട് പുകയുമ്പോഴും തണുപ്പു ലഭിക്കേണ്ട ഈ ധനുമാസത്തില്‍ നഗരം ചൂടുകൊണ്ട് പുളയുകയാണ്. മരങ്ങള്‍ ഓരോന്നായി വെട്ടിനശിപ്പിച്ചതിന്റെ ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. മരം നശിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തകനായ പ്രമോദ് പെരിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ‘ജാതിമരം ‘എന്ന പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കാഞ്ഞങ്ങാടിനെ സ്‌നേഹിക്കുന്ന നിരവധി പേരാണ് മരം നശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചത്. റോഡു നിര്‍മ്മാണം മരങ്ങളെ സംരക്ഷിച്ച് വേണമെന്നായിരുന്നു യാത്രക്കാര്‍ പറയുന്നത്.ഇന്നലെ നഗരത്തിലെ അവസാന മരത്തിലും കോടാലി വീണു. കാഞ്ഞങ്ങാട്ടെത്തുന്നവര്‍ക്ക് അടയാളവും,ആശ്വാസവുമായിരുന്നു തല ഉയര്‍ത്തി നിന്ന തണല്‍ മരങ്ങള്‍.ചെറിയ ചാറ്റല്‍ മഴ വന്നാല്‍ പോലും ജനങ്ങള്‍ അഭയം പ്രാപിച്ചിരുന്ന ആ വലിയ പച്ചക്കുടകള്‍ ഇനി പൊള്ളുന്ന ഓര്‍മ്മ മാത്രം.മുപ്പതും നാല്പ്പതും വര്‍ഷമായി കത്തുന്ന വേല്‍ചൂടില്‍ തണുത്ത സുഖം നല്‍കുന്ന ഈ പച്ചപ്പിനെ നാലു ദിവസം കൊണ്ട് നാടുകടത്തി.കൊത്തിപ്പെറുക്കി കാെണ്ടുവന്ന് ഈ പച്ചമരത്തില്‍ കൂടുകൂട്ടിയ പക്ഷികളെല്ലാം പറന്നകന്നു.പറക്കാന്‍ പറ്റാത്ത ശേഷിയില്ലാത്ത കുഞ്ഞുപക്ഷികള്‍ കടവരാന്തയിലും, ഫുട്പാത്തിലും ചത്തുകിടപ്പുണ്ടായിരുന്നു. കുഞ്ഞുന്നാളിലെ നമ്മള്‍ പഠിച്ചതാണ് ‘മരം ഒരു വരം’എന്നിട്ടും നമ്മള്‍ വികസനത്തിന്റെ പേരുപറഞ്ഞ് അതിന്റെ നെഞ്ചില്‍കൂടി പാത പണിയും.മരം സംരക്ഷണത്തിനായി ‘ഭൂമിക്കൊരു പച്ചക്കുടയെന്നും ഭാവിക്കൊരു ശ്വാസക്കുടയെന്നും’ നാം വെറുതെ പ്രസംഗിക്കുമെന്നും പ്രമോദ് ഫേസ്ബുക്കില്‍ പറയുന്നു. മറ്റു പലയിടങ്ങളിലും മരം വീണ് അപകടമുണ്ടായെങ്കിലും കാഞ്ഞങ്ങാട്ടെ സ്‌നേഹമരങ്ങള്‍ ആരെയും ചതിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാകണം മരം മുറിഞ്ഞുവീഴുമ്പോള്‍ കാഞ്ഞങ്ങാടിന്റെ മനസ്സ് വേദനകൊണ്ട് പുളഞ്ഞത്.പക്ഷേ നിസ്സഹായരായി നോക്കിനിക്കേണ്ടി വന്നതാണ് ഈ അവസ്ഥക്ക് കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നു.

അനേകം’ജാതി മര’മുള്ള നമ്മുടെ നാട്ടില്‍ തണല്‍ മരങ്ങള്‍ക്ക് ഓരോ മതത്തിന്റെയും,ജാതിയുടെയും പേര് നല്കിയിരുന്നെങ്കില്‍ ഇവിടെ ഒരു മരത്തിനും മഴുവീഴില്ലായിരുന്നുവെന്നാണ് പ്രമോദ് പറയുന്നത്.

KCN

more recommended stories