കാനത്തൂര്‍ ക്ഷേത്രത്തില്‍ ഉത്സവ തിരക്കിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന യുവതി അറസ്റ്റില്‍

kanathur nandiniകാനത്തൂര്‍ ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ തിരക്കിനിടയില്‍ വീട്ടമ്മയുടെ എട്ട് പവന്‍ താലിമാലയും പേരക്കിടാവിന്റെ കാല്‍വളയും കവര്‍ന്ന തമിഴ്‌നാട് യുവതി പിടിയില്‍. കവര്‍ച്ചചെയ്ത ആഭരണങ്ങളുമായി കൂട്ടുകാരി മുങ്ങി. മധുര സ്വദേശിനി നന്ദിനി (25) ആണ് അറസ്റ്റിലായത്. നന്ദിനിയുടെ കൂട്ടുകാരിയെന്നുപറയപ്പെടുന്ന യുവതി കവര്‍ച്ചചെയ്ത ഉടനെ ആഭരണങ്ങളുമായി സ്ഥലംവിട്ടു. കാനത്തൂരിലെ കൃഷ്ണന്‍ നായരുടെ ഭാര്യ ശാരദയുടെ (65) എട്ട് പവന്റെ താലിമാലയാണ് കവര്‍ന്നത്.

ഇവരുടെ പേരമകളുടെ മുക്കാല്‍ പവന്റെ കാല്‍വളയും കവര്‍ന്നു. മംഗളൂരുവില്‍ താമസിക്കുന്ന നന്ദിനിയും കൂട്ടുകാരിയും ഇത്തരത്തില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിവന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചെറുവത്തൂരിലെ വസ്ത്രാലയത്തില്‍നിന്നും കൈക്കുഞ്ഞിന്റെ കഴുത്തിലെ ഒരു പവന്റെ മാല കവര്‍ന്ന സംഘത്തിലെ കണ്ണികളാവാം ഇവരെന്ന് പോലീസ് സംശയിക്കുന്നുണ്ട്. രക്ഷപ്പെട്ട നന്ദിനിയുടെ കൂട്ടുകാരിയെ കണ്ടെത്താന്‍ പോലീസ് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശാരദയുടെ മാല കവരുന്നതിന് തൊട്ട് മുമ്പ് മറ്റൊരു സ്ത്രീയുടെ സ്വര്‍ണമാലയും ഇവര്‍ കവര്‍ച്ചചെയ്യാന്‍ ശ്രമിച്ചിരുന്നു. സ്ത്രീ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ ഷാളിന്റെ കൊളുത്തിന് മാല കെണിഞ്ഞതാണെന്ന് പറഞ്ഞ് അവരുടെ മാല തിരിച്ചുകൊടുക്കുകയായിരുന്നു. അറസ്റ്റിലായ നന്ദിനിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് ജില്ലയില്‍ തിരക്കുള്ള ബസുകളിലും ഉത്സവ സ്ഥലങ്ങളിലും മറ്റും കവര്‍ച്ചനടത്തുന്നതിനായി പ്രത്യേക സംഘം തന്നെ തമിഴ്‌നാട്ടില്‍നിന്നും മറ്റും ഇവിടെ എത്തി തമ്പടിച്ചിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

KCN

more recommended stories