10–ാം ശമ്പളകമ്മിഷൻ റിപ്പോർട്ടിന് ഭേദഗതികളോടെ അനുമതി; ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ

10 shambalaതിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നൽകി. മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം നൽകിയത്. സർക്കാർ ജീവനക്കാരുടെ പുതിയ ശമ്പള സ്കെയിൽ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. 2014 ജൂലൈ മുതൽ മുൻകൂർ പ്രാബല്യവും നൽകും. കുടിശിക നാലു ഗഡുക്കളായി നൽകും. 2017 ഏപ്രിൽ മുതലാണ് ഇത് ഗഡുക്കളായി നൽകുക.ശമ്പള പരിഷ്കരണത്തിലൂടെ കുറഞ്ഞ വർധന 2000 രൂപയും കൂടിയ വർധന 12000 രൂപയുമാണ്. പത്താം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഭേദഗതികളോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിഷ്കരിച്ച നിരക്കനുസരിച്ച് ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയത് 1,20000 രൂപയുമാകും.ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനായി പത്താം ശമ്പളപരിഷ്കരണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ഭേദഗതികളോടെ നടപ്പിലാക്കാൻ നിശ്ചയിച്ചത്. ശമ്പള പരിഷ്കരണ കമ്മിഷൻ 5277 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. മുൻപരിഷ്കരണങ്ങളിലെ വർധനവിന്റെ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്കരണത്തിന്റെ ബാധ്യത 10,767 കോടി രൂപ ആയിരിക്കും.എന്നാൽ, ശമ്പളപരിഷ്കരണം വഴി ഉണ്ടാകാവുന്ന അധികബാധ്യതയുടെ തോത് സാധ്യമായ ചെറിയ അളവിൽ കുറയ്ക്കുന്നതിന് റിപ്പോർട്ടിലെ ശുപാർശകളിൽ ചില മാറ്റങ്ങൾ വരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. അതനുസരിച്ച് അധികബാധ്യത 7222 കോടി രൂപയായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒൻപതാം ശമ്പളപരിഷ്കരണ കമ്മിഷൻ കണക്കാക്കിയിരുന്ന അധികബാധ്യത 1965 കോടി രൂപയായിരുന്നു. എന്നാൽ, ഉണ്ടായ യഥാർഥ അധികബാധ്യത 4377 കോടി രൂപയും. അതായത്, 2.23 ഇരട്ടി. ഈ വ്യത്യാസം എട്ടാം ശമ്പളപരിഷ്കരണത്തിൽ രണ്ടിരട്ടിയും ഏഴാം പരിഷ്കരണത്തിൽ 1.92 ഇരട്ടിയുമായിരുന്നു.

പുതുക്കിയ മിനിമം ശമ്പളം ചില പ്രധാന തസ്തികകളുടേത്:

  • എൽഡി ക്ലർക്ക് – 19,000 രൂപ (നിലവിൽ 9940 രൂപ)
  • പൊലീസ് കോൺസ്റ്റബിൾ – 22,200 രൂപ (നിലവിൽ 10,480 രൂപ)
  • എൽപി/യുപി ടീച്ചർ – 25,200 രൂപ (നിലവിൽ 13,210)
  • ഹൈസ്കൂൾ ടീച്ചർ – 29.200 രൂപ (നിലവിൽ 15,380 രൂപ)
  • അസിസ്റ്റന്റ് ടീച്ചർ – 39,500 രൂപ (നിലവിൽ 20,740)
  • അസിസ്റ്റന്റ് സർജൻ – 51,600 രൂപ (നിലവിൽ 27140 രൂപ)
  • സ്റ്റാഫ് നഴ്സ് – 27,800 രൂപ (നിലവിൽ 13,900 രൂപ)

പ്രധാന നിർദേശങ്ങൾ:

  • മുഴുവൻ പെൻഷനുള്ള സർവീസ് 30 വർഷമായി തുടരും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാർക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി അനുവദിക്കും.
  • കമ്മിഷൻ ശുപാർശപ്രകാരം സ്പെഷ്യൽപേ സമ്പ്രദായം അവസാനിപ്പിച്ചു. എന്നാൽ, ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് തുടർന്നും അനുവദിക്കും.
  • പാർടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവിൽ 4250 രൂപ) കൂടിയ ശമ്പളം 16,460 രൂപയും ( നിലവിൽ 8400 രൂപ) ആയി നിശ്ചയിക്കും.
  • പ്രമോഷൻ ശമ്പളനിർണയത്തിന് കമ്മിഷൻ നിർദേശിച്ച ശുപാർശ അംഗീകരിച്ചു.
  • യൂണിവേഴ്സിറ്റി ജീവനക്കാരുടെ ശമ്പളവും പെൻഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്കരിക്കും.
  • ശമ്പള പരിഷ്കരണ ഉത്തരവ് സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.
  • കമ്മിഷന്റെ രണ്ടാംഘട്ട റിപ്പോർട്ടും ഒന്നാംഘട്ട റിപ്പോർട്ടിലെ മറ്റ് ശുപാർശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയമിക്കും.

KCN

more recommended stories