ഐഫോണിന്റെ വ്യാജനും വിപണിയിൽ

iphoneചതിയിൽ വീഴ്‌ത്താൻ അവർ വീണ്ടും സജീവം, വീഴാൻ മലയാളികൾ ഉൾപ്പെടെ ആളുകളും തയാർ. മുന്തിയ ഇനം മൊബൈൽ ഫോൺ കുറഞ്ഞവിലയ്‌ക്ക് നൽകാമെന്ന വാഗ്‌ദാനവുമായി കറങ്ങുന്ന സംഘം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കറങ്ങുന്നു.പ്രൗഢിയുള്ള വാഹനങ്ങളിൽ മാന്യമായി വസ്ത്രധാരണം ചെയ്തെത്തുന്ന ഇവരുടെ സംസാരത്തിൽ വീഴുന്നവർക്ക് കാശുപോയതുതന്നെ. വിലയേറിയ കാറുകളിൽ സഞ്ചരിക്കുന്നവർ വഴിയെപോകുന്നവരോട് മാന്യമായ രീതിയിലാകും സംസാരം. കഴിഞ്ഞദിവസം ജഹ്‌റ എമിഗ്രേഷൻ ഓഫിസ് പരിസരത്ത് രണ്ടംഗസംഘത്തിന്റെ മുൻപിൽ പെട്ടത് മലയാളി. തുർക്കിയിൽനിന്നുള്ളവരാണെന്നും കുവൈത്തിലെ ഓയിൽ കമ്പനിയിൽ ഉന്നത ജോലി ചെയ്‌തവരാണെന്നും പരിചയപ്പെടുത്തിയവർ ജോലിയിൽനിന്നു പിരിഞ്ഞു സ്വദേശത്തേക്കു പോകുന്ന തങ്ങൾക്ക് കമ്പനി ഉപഹാരമായി നൽകിയ രണ്ട് ഐഫോൺ വിൽക്കാനുണ്ടെന്നും ആവശ്യമെങ്കിൽ പകുതിവിലയ്‌ക്ക് നൽകാമെന്നും പറഞ്ഞു.തങ്ങളുടെ ഉപയോഗത്തിനു ഫോൺ കൈവശമുള്ളതിനാൽ ഉപഹാരമായി ലഭിച്ചത് ഇവിടെത്തന്നെ വിൽപന നടത്തിയേക്കാമെന്നുള്ള വാക്കുകൾ വിശ്വസിച്ച പാവം മലയാളി കുറഞ്ഞവിലയ്‌ക്ക് ഐഫോൺ എന്ന ഓഫറിൽ വീണു. സീൽ പൊളിക്കാത്ത കവറിൽ ഫോൺ. ഫോൺ വാങ്ങിയതിന്റെ ബില്ലും ഉപഹാരത്തിനൊപ്പം കമ്പനി നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ഒരുബില്ലും നൽകി.വിപണിയിൽ 180 ദിനാർ വിലയുള്ള ഐഫോൺ 90 ദിനാറിനു നൽകാമെന്ന ഓഫർ സ്വീകരിച്ച മലയാളി ഫോണും വാങ്ങി സ്‌ഥലംവിട്ടു. ഐഫോണിന്റെ അതേ പാക്കറ്റ്. അതാണെങ്കിൽ തുറന്നിട്ടുപോലുമില്ല. ബില്ലിലാണെങ്കിൽ സംശയിക്കത്തക്ക ഒന്നും കാണാനുമില്ല. താമസസ്‌ഥലത്തെത്തി പാക്കറ്റ് പൊളിച്ചുനോക്കിയപ്പോഴും സംശയിക്കത്തക്ക ഒന്നുമില്ല.ഒന്നാന്തരം ഐഫോൺ. ആക്‌ടീവാക്കാൻ ആരംഭിച്ചപ്പോഴാണ് പണിപാളിയത് മനസ്സിലാകുന്നത്. സോഫ്‌റ്റ്‌വെയറൊന്നും ഐഫോണുമായി സമരസപ്പെടുന്നതേയല്ല. കുറഞ്ഞവിലയ്‌ക്ക് മുന്തിയ ഐഫോൺ ലഭിച്ചതിന്റെ ത്രിൽ കൂട്ടുകാരുടെ മുന്നിൽ തകർന്നു തരിപ്പണമായതിനൊപ്പം കീശയിലുണ്ടായിരുന്ന കാശ് പോയതിന്റെ ജാള്യം വേറെയും.ഇത്തരം തട്ടിപ്പ് ഇടയ്‌ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും ഇപ്പോഴും തുടരുകയാണ്. കുറഞ്ഞ കാശിന് മുന്തിയ ഫോൺ കൈവശപ്പെടുത്താമെന്ന അതിമോഹക്കാർ തട്ടിപ്പുകാരുടെ വലയിൽ വീഴുകയും ചെയ്യുന്നു.

KCN

more recommended stories