കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

sea

തൃക്കരിപ്പൂര്‍: കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി കെ.ബാബു(49)വിന്റെ മൃതദേഹം കണ്ടെത്തി. നടുക്കടലില്‍ ബോട്ടില്‍ മത്സ്യം പിടിക്കുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പോലീസും തീരദേശ സംരക്ഷണസേനാ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കരയ്‌ക്കെത്തിച്ചു.
മാഹി മടപ്പള്ളി സ്വദേശിയായ ബാബു മാവിലാക്കടപ്പുറം പന്ത്രണ്ടില്‍ താമസിച്ച് മത്സ്യത്തൊഴിലില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാഞ്ഞങ്ങാട് മീനാപ്പിന് കടപ്പുറത്ത് 33 അംഗസംഘത്തോടൊപ്പം മീന്‍ പിടിക്കുകയായിരുന്ന ബാബു കടലില്‍ തെറിച്ചുവീഴുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി മത്സ്യത്തൊഴിലാളികളും പോലീസും തീരദേശസേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു. മാവിലാക്കടപ്പുറം അഴിമുഖത്തിന് പടിഞ്ഞാറു ഭാഗത്താണ് കടലില്‍ മൃതദേഹം കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തി.
മാവിലാക്കടപ്പുറം പന്ത്രണ്ടിലെ വി.രുഗ്മിണിയാണ് ഭാര്യ. ഷൈജു (അഞ്ചാംതരം വിദ്യാര്‍ഥി) ഏകമകനാണ്.

KCN