നിര്‍ഭയമായി വോട്ട് ചെയ്യുക – ജില്ലാ കളക്ടര്‍

കാസര്‍കോട് :  കരുത്തുറ്റ ജനാധിപത്യത്തിന്  വിപുലമായ ജനപങ്കാളിത്തം ഉറപ്പ് വരുത്താന്‍ നിര്‍ഭയവും സ്വതന്ത്രവുമായി സമ്മതിദാനവകാശം മുഴുവന്‍ വോട്ടര്‍മാരും വിനിയോഗിക്കണമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ്  ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ത്ഥിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ്  ഏപ്രില്‍ 10  രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. വോട്ടെടുപ്പിന് ജില്ലയിലെ 791 പോളിംഗ് സ്റ്റേഷനുകളും ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാമണ്ഡലങ്ങളിലെ 12,40,460 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനം വിനിയോഗിക്കും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ 9,11,041 വോട്ടര്‍മാരാണുളളത്. ഇന്നലെ വൈകീട്ട്  തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിച്ചിരുന്നു. പോളിംഗ് ബൂത്തിന് പുറമേ നിയോജകമണ്ഡലത്തിന്റെ പേര്, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവയടങ്ങിയ നോട്ടീസ് പതിച്ചിട്ടുണ്ട്. 791 ബൂത്തുകളിലായി  3436 ഉദ്യോഗസ്ഥരും 476 റിസര്‍വ് ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിയിലുളളത്.  റിസര്‍വ് ഉള്‍പ്പെടെ 206 സൂക്ഷ്മ നിരീക്ഷകരെ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 128 സൂക്ഷ്മ നിരീക്ഷകര്‍ ബൂത്തുകളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ  നടപടികള്‍ നിരീക്ഷിക്കും.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന്  ഒരു മണിക്കൂര്‍ മുമ്പ് രാവിലെ ആറിന് പോളിംഗ് ഉദ്യോഗസ്ഥരും, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും പോളിംഗ് സ്റ്റേഷനില്‍ എത്തണം. ഏജന്റുമാര്‍ക്കുളള പാസ് വിതരണം ചെയ്ത് ആറുമണിക്ക്  മോക്ക്‌പോളിംഗ് തുടങ്ങും. ഓരോ സ്ഥാനാര്‍ത്ഥിക്കും തുല്യവോട്ടുകള്‍ എന്ന തോതില്‍ മോക്ക് പോളിംഗ് വോട്ട് ചെയ്യും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ വോട്ടിംഗിനായി സജ്ജമാക്കും. വോട്ടിംഗിന് തൊട്ടുമുമ്പ്  വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവത്തെക്കുറിച്ചുളള  പ്രഖ്യാപനം പ്രിസൈഡിംഗ് ഓഫീസര്‍ നടത്തും. 7മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6മണി വരെയാണ് വോട്ടെടുപ്പ്.
പോളിംഗ് ബൂത്തുകളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാര്‍ക്ക് പാസ് നല്‍കും.  പോളിംഗ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തും. കൈക്കുഞ്ഞുമായി വരുന്ന സ്ത്രീകള്‍, അന്ധര്‍, അവശര്‍ എന്നിവര്‍ക്ക്  വോട്ട് ചെയ്യാന്‍ മുന്‍ഗണന ലഭിക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറു വരെ തുടര്‍ച്ചയായി പോളിംഗ് നടക്കും. ആറു മണിക്ക്  ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ ക്യൂവില്‍ വോട്ടര്‍മാരുണ്ടെങ്കില്‍ ഏറ്റവും പിറകില്‍ നിന്ന് മുന്നോട്ട്   ടോക്കണ്‍ നല്‍കുകയും അത്രയും പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതുമാണ്. എന്നാല്‍ ആറുമണിക്കു ശേഷം വരുന്ന വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല.
വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്ത്  വിതരണ കേന്ദ്രങ്ങളില്‍ തിരിച്ചേല്‍പ്പിക്കുന്നതാണ്. സ്റ്റാറ്റിയൂട്ടറി, നോണ്‍സ്റ്റാറ്റിയൂട്ടറി കവറുകള്‍, പ്രിസൈഡിംഗ്  ഓഫീസറുടെ  ഡയറി, ബാലറ്റ് പേപ്പര്‍ അക്കൗണ്ട് തുടങ്ങി എല്ലാ രേഖകളും ഉദ്യോഗസ്ഥര്‍ തിരിച്ചേല്‍പ്പിക്കണം. ഇന്ന് തന്നെ പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ കാസര്‍കോട് ഗവ. കോളേജില്‍ സജ്ജീകരിച്ച ഏഴ് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക്  ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ സേവനം ലഭ്യമാക്കുന്നതിന്  ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും, മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. നിര്‍ണ്ണായക പോളിംഗ് ബൂത്തുകളിലേക്കായി കേന്ദ്ര അര്‍ദ്ധസൈനിക സേന, പോലീസ്, പ്രത്യേക പോലീസ്, വീഡിയോഗ്രാഫി, വെബ്കാസ്റ്റ്  സംവിധാന ങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രവും നിര്‍ഭയവുമായ വോട്ടെടുപ്പിന്  എല്ലാ ഒരുക്കങ്ങളും  പൂര്‍ത്തിയായതായി  ജില്ലാ തെരഞ്ഞെടുപ്പ്  ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

KCN

more recommended stories