സ്മാര്‍ട്ടായി സ്മാര്‍ട്ട് സിറ്റി

smart cityകൊച്ചി∙ മലയാളികൾ കാത്തിരുന്ന സ്വപ്നപദ്ധതിയായ കൊച്ചി സ്മാർട് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോൾഡിങ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി, കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചേർന്നാണ് പദ്ധതിയുടെ ആദ്യഘട്ടം കാക്കനാട് ഇടച്ചിറയിൽ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടം ഉദ്ഘാടനത്തിനൊപ്പം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തി. ചീഫ് സെക്രട്ടറി ജിജി തോംസൺ, എം.എ. യൂസഫലി, എംഎൽഎമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ മുതൽമുടക്കുന്ന 27 കമ്പനികളെ ഇന്നു പ്രഖ്യാപിക്കും. രണ്ടാം ഘട്ടത്തിൽ വൻകിട ഐടി കെട്ടിടങ്ങളും രാജ്യാന്തര സ്കൂളും സ്ഥാപിക്കുന്ന ആറു കമ്പനി മേധാവികളെയും വേദിയിൽ പരിചയപ്പെടുത്തും. എന്നാൽ, പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മാത്രമല്ല, അഴിമതിക്കാരായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും മന്ത്രി കെ.ബാബുവിനെയും ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിന്റെ ഭാഗം കൂടിയാണ് വിട്ടുനിൽക്കലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് മനോരമ ന്യൂസിനോട് പറഞ്ഞു.  നേരിട്ടും അല്ലാതെയും അഞ്ചു ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന സ്മാർട് സിറ്റി പദ്ധതിയിൽ ചെറുതും വലുതുമായി ആയിരത്തോളം കമ്പനികളുടെ സാന്നിധ്യമുണ്ടാകും. 12,000 കോടി രൂപയുടെ ഐടി കയറ്റുമതി പ്രതീക്ഷിക്കുന്നു. മൂന്നു ഘട്ടങ്ങളായാണു പദ്ധതി പൂർത്തിയാവുക. ഐടി ഓഫിസ് കെട്ടിടങ്ങളുടെ നിർമാണമാണു രണ്ടാം ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്; മൂന്നാം ഘട്ടത്തിൽ പശ്ചാത്തല സൗകര്യ വികസനവും.

KCN

more recommended stories