ജയില്‍ ചാടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

munavarകാഞ്ഞങ്ങാട്: തോയമ്മലിലെ ജില്ലാ ജയിലില്‍ നിന്ന് തടവു ചാടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വാറന്റ് കേസില്‍ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കളനാട്ടെ കുഞ്ഞാമി മന്‍സിലിലെ മൂസയുടെ മകന്‍ മുനവര്‍ (24) ആണ് തടവു ചാടി പിടിയിലായത്.

ജയിലിന്റെ മുന്‍വശത്തെ മതില്‍ കയറി റോഡിലേക്ക് ഒരാള്‍ എടുത്ത് ചാടുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. അവര്‍ ജയിലധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ വാഹനവുമായി തോയമ്മലിലും പരിസരത്തും വ്യാപകമായി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് തടവുകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത സമയത്താണ് ജയില്‍ ചാട്ടം.

സംഭവം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ കെ ബിജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി. പോലീസും ജയില്‍ അധികൃതരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വന്‍ സുരക്ഷാ സന്നാഹമുള്ള ജില്ലാ ജയിലില്‍ നിന്ന് കൂറ്റന്‍ മതില്‍ ചാടിക്കയറി പട്ടാപ്പകല്‍ തടവ് പുള്ളി ജയില്‍ ചാടിയത് അധികൃതരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. അടിപിടികേസിലാണ് മുനവ്വറിനെ നേരത്തെ പോലീസ് പിടികൂടിയത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി യുവാവിനെ റിമാന്റ് ചെയ്ത് തോയമ്മലിലെ ജില്ലാജയിലിലേക്ക് അയക്കുകയായിരുന്നു.

 

KCN

more recommended stories