മലയാളി യാത്രക്കാരെ ചൂഷണം ചെയ്ത് സ്വകാര്യ ബസുടമകളുടെ നിരക്ക് വര്‍ധന

rajadhaniകാസര്‍കോട്: ഈസ്റ്ററായതോടെ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകള്‍ പതിവ് പോലെ നിരക്കുകള്‍ ഇരട്ടിയിലധികമാക്കി ഇയര്‍ത്തി.

കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ സ്വകാര്യ ബസുകള്‍ക്കുള്ള നികുതി കൂട്ടിയെന്ന കാരണം കാണിച്ചാണ് ഇത്തവണത്തെ നിരക്ക് വര്‍ദ്ധന.
ഈസ്റ്റര്‍ അവധി തുടങ്ങുന്നതിന് മുമ്പായി വീട്ടിലേക്ക് ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുറപ്പെടണമെങ്കില്‍ 1800 മുതല്‍ 2000 രൂപ വരെയാണ് നിരക്ക്. തിരിച്ചെത്തുന്നതാണ് അതിലും കഷ്ടം.അവധിയും ആഘോഷിച്ച് ജോലിക്ക് കൃത്യസമയത്ത് എത്തണമെങ്കില്‍ 2000 മുതല്‍ 2500 രൂപ വരെ മുടക്കണം.സാധാരണ രീതിയില്‍ 800 മുതല്‍ 1200 രൂപ വരെ ഈടാക്കുന്ന വോള്‍വോ സ്‌കാനിയ എസി സ്ലീപ്പര്‍ ബസ്സുകള്‍ക്കാണ് ഉത്സവകാലത്ത് മാത്രമുള്ള ഈ വര്‍ദ്ധനവ്.
ഉത്സവകാലങ്ങളില്‍ സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ പതിനഞ്ച് ശതമാനം വര്‍ദ്ധനയെ ഈടാക്കാവൂയെന്ന ചട്ടം കാറ്റില്‍ പറത്തിയാണ് ഇങ്ങനെ നിരക്ക് കൂട്ടുന്നത്.കേരള ആര്‍ടിസി വീഴ്ചയാണ് സ്വകാര്യ ബസ്സുകള്‍ക്ക് തോന്നിയ പോലെ നിരക്ക് ഈടാകാന്‍ അവസരം നല്‍കുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രെയിനുകളെല്ലാം ബുക്കിംഗ് കഴിഞ്ഞിട്ടുണ്ടാകും.റെയില്‍വെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതും മറ്റൊരു പ്രശ്‌നമാണ് . എന്നാല്‍ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ബജറ്റിലുണ്ടായ നികുതി വര്‍ദ്ധനവാണ് മിക്ക ഉടമകളും നിരക്ക് വര്‍ദ്ധനവിന് കാരണമായി പറയുന്നത്.ഏപ്രില്‍ ഒന്ന് മുതലാണ് നികുതിവര്‍ദ്ധനവ് നിലവില്‍ വരുകയുള്ളു. അതിന് മുമ്പുതന്നെ ലാഭം കൊയ്യാനാണ് സ്വകാര്യ ബസുടമകളുടെ നീക്കം.അവധിക്കും ആഘോഷത്തിനും നാട്ടിലെത്തണമെന്നുള്ള സാധാരണക്കാരന്റെ ആഗ്രഹത്തെയാണ് ഇങ്ങനെ എല്ലാവരും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത്.

 

 

KCN

more recommended stories