കോൺഗ്രസിലെ സീറ്റുതർക്കം പരിഹരിക്കാനായില്ല; സ്ഥാനാർഥി പ്രഖ്യാപനം നീളും

congressന്യൂ‍ഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിലെ സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുമെന്ന് വ്യക്തമായി. ചർച്ചകൾ ഏതാണ്ട് പൂർത്തിയായെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ചർച്ചയ്ക്ക് ശേഷം പറഞ്ഞു. വലിയ തിരക്കുള്ളവർ പെട്ടെന്ന് കേരളത്തിലേക്ക് മടങ്ങും. മറ്റുള്ളവർ ഡൽഹിയിൽ തുടരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മുന്നു നേതാക്കളും ഒരുമിച്ച് ഒരു കാറിലാണ് സോണിയ ഗാന്ധിയെ കാണാൻ എത്തിയത്. ചർച്ചയ്ക്ക് മുൻപ് ഉമ്മൻ ചാണ്ടിയും വി.എം.സുധീരനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഇരുവരും ചർച്ച നടത്തിയത്. എ.കെ. ആന്റണിയെയും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടി കണ്ടിരുന്നു. എല്ലാ സീറ്റിലും ധാരണയുണ്ടാക്കാൻ ശ്രമം തുടരുന്നതായി വി.എം. സുധീരൻ പ്രതികരിച്ചു. ഇന്നു തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, അഞ്ച് തർക്ക സീറ്റുകൾക്ക് പുറമേ നാലു സീറ്റുകളിൽകൂടി തർക്കമുണ്ടായി. നാലു സീറ്റുകളിൽ ഒന്നിലേറെ പേരുടെ പേരുകൾ ഉയർന്നു വന്നു. പുതുക്കാട്, വടക്കാഞ്ചേരി, കൊല്ലം, ചാത്തന്നൂർ, സീറ്റുകളിലാണ് പുതിയ തർക്കം.  നേരത്തെ സാധ്യതപട്ടികയിൽ പേരുണ്ടായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന് പുതിയ പട്ടികയിൽ സീറ്റില്ല. തർക്കമുള്ള നാലു സീറ്റുകളിലേക്ക് ഉയരുന്ന പേരുകൾ: ഇ.സനീഷ് കുമാർ, സുന്ദരൻ കുന്നത്തുള്ളി (പുതുക്കാട്), അനിൽ അക്കര, കെ.അജിത് കുമാർ (വടക്കാഞ്ചേരി), ശൂരനാട് രാജശേഖരൻ, പീതാംബരക്കുറുപ്പ് (ചാത്തന്നൂർ), ബിന്ദു കൃഷ്ണ, സൂരരജ് രവി (കൊല്ലം).  വിഷയത്തിൽ പ്രശ്നപരിഹാര ഫോർമുലയുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു. കെ.ബാബുവിനെയും അടൂർ പ്രകാശിനെയും മാറ്റി സീറ്റ് പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അവസാന ശ്രമം. അങ്ങനെയെങ്കിൽ സർക്കാരിന്റെ ഭാഗമായ താനും തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാമെന്ന് ഉമ്മൻ ചാണ്ടിയും നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സുധീരൻ ഉൾപ്പെടെ ആരും മൽസരിച്ചോട്ടെയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. മൽസരരംഗത്ത് നിന്ന് മാറിനിന്നാലും സജീവ പ്രചാരണത്തിന് തയാറാണെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അടൂർ പ്രകാശ് കോന്നിയിലും, കെ.ബാബു തൃപ്പൂണിത്തുറയിലും നിലവിൽ എംഎൽഎമാരാണ്. ആരോപണ വിധേയർ ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് കോൺഗ്രസിനെ പ്രതിസന്ധിയുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സീറ്റ് തർക്കത്തിന്റെ കുരുക്കഴിക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യയോഗത്തിനു കഴിഞ്ഞിരുന്നില്ല.

KCN

more recommended stories