കലാഭവൻ മണിയുടെ മരണത്തിനിടയാക്കിയത് കീടനാശിനിതന്നെ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

kalabhavan maniതൃശൂർ ∙ കലാഭവൻ മണി മരിച്ചതു ക്ളോർപൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനു റിപ്പോർട്ട് നൽകി. ഡോക്ടർമാർ രേഖാമൂലം നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് നൽകിയത്. മണിക്കുണ്ടായിരുന്ന കരൾരോഗം മരണം വേഗത്തിലാക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ, കരൾരോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇതു കണ്ടെത്താനുള്ള കൂടുതൽ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോർട്ടിലുണ്ട്. പക്ഷേ, രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ല. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീർ ഹുസൈൻ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോർട്ട് നൽകിയത്. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോർട്ടിലെ സൂചന. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാൽ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനാകില്ല. പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം ഇങ്ങനെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താവുന്ന അളവിൽ രക്തത്തിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നു കാർഷിക സർവകലാശാലയിലെ പഠന റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോർട്ടിലെ വിവരവും പൊലീസ് ശേഖരിക്കും.

KCN

more recommended stories