ഞങ്ങള്‍ റെഡി, നിങ്ങളോ? ഇനി വെടിക്കെട്ടുകളുടെ പൂരം

iplമുംബൈ ∙ മാറ്റിവയ്ക്കൽ ഭീഷണി തൽക്കാലം ഒഴിഞ്ഞു. ഇനി ക്രിക്കറ്റ് പിച്ചിലെ ഇടിയും മിന്നലും കാണാം.  ഇന്ത്യൻ പ്രീമിയർ ലീഗ് ഒൻപതാം സീസണിലെ ഉദ്ഘാടന മൽസരം മുൻനിശ്ചയിച്ചപ്രകാരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽത്തന്നെ. ആതിഥേയരും നിലവിലെ ജേതാക്കളുമായ മുംബൈ ഇന്ത്യൻസും നവാഗതരായ റൈസിങ് പുണെ സൂപ്പർ ജയന്റ്സും തമ്മിൽ. രാത്രി എട്ടിനാണു മൽസരം. ഇത്തവണ ഐപിഎലിനു പ്രത്യേകതയേറെ. വാതുവയ്പ് വിവാദത്തെത്തുടർന്നു ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ പുറത്തായതിനുശേഷമുള്ള ആദ്യ ടൂർണമെന്റാണിത്. ഐപിഎലിലെ ഏറ്റവും മികച്ച രണ്ടു ടീമുകളായിരുന്നു ചെന്നൈയും രാജസ്ഥാനും. ആദ്യ സീസണിലെ ജേതാക്കളാണു രാജസ്ഥാൻ റോയൽസ്. ചെന്നൈ 2010ലും 2011ലും തുടർച്ചയായ രണ്ടുവട്ടം കിരീടം നേടി. ഇവർ പുറത്തായതിനെത്തുടർന്നു വഴിയൊരുങ്ങിയ ടീമുകളിലൊന്നാണ് റൈസിങ് പുണെ സൂപ്പർ ജയന്റ്സ്. കഴിഞ്ഞ എട്ടു സീസണുകളിലും ചെന്നൈയെ നയിച്ച ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയാണു നായകൻ. കോച്ചും പഴയ ചെന്നൈയ്യൻതന്നെ – സ്റ്റീഫൻ ഫ്ലെമിങ്. ജഴ്സി മാറിയെത്തുന്ന ചെന്നൈയാണ് പുണെ എന്നു വേണമെങ്കിൽ പറയാം. എന്നാൽ വാങ്കഡെയിലെ രാജാക്കൻമാർ മുംബൈ ഇന്ത്യൻസ് തന്നെ. ഒന്നിച്ചു കളിച്ച് ഒത്തിണക്കമുള്ള ടീമാണു മുംബൈ. ധോണി – ഫ്ലെമിങ് സഖ്യംപോലെ ഒരു ക്യാപ്റ്റൻ – കോച്ച് കൂട്ടുകെട്ട് അവിടെയുമുണ്ട്: രോഹിത് ശർമ – റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ ആദ്യ നാലു കളികളും തോറ്റു തുടങ്ങിയ മുംബൈ പിന്നീട് അതപ്പാടെ മാറ്റിമറിച്ചാണു കിരീടം ചൂടിയത്. അതിനു ചുക്കാൻ പിടിച്ചൊരാൾ ആത്മവിശ്വാസത്തിന്റെ അവസാനവാക്കായി ഇപ്പോൾ മുംബൈ ടീമിലുണ്ട് – ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇതേ സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത വെസ്റ്റ് ഇൻഡീസ് താരം ലെൻഡൽ സിമ്മൺസ്. സിമ്മൺസും രോഹിതുമായിരിക്കും മുംബൈയുടെ ഓപ്പണിങ് പങ്കാളികൾ. അമ്പാട്ടി റായുഡു, ജോസ് ബട്‌ലർ, കോറി ആൻഡേഴ്സൺ, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യെ എന്നിവർ പിന്നാലെ. ബോളിങ്ങിൽ ലസിത് മലിംഗയുടെ അസാന്നിധ്യമാകും മുംബൈയെ അലട്ടുക. പരുക്കുമൂലം മലിംഗ ആദ്യകളികൾക്കുണ്ടാകില്ലെന്ന് ഇന്നലെ കോച്ച് റിക്കി പോണ്ടിങ്ങാണ് അറിയിച്ചത്. ട്വന്റി20 ലോകകപ്പും മലിംഗയ്ക്കു നഷ്ടമായിരുന്നു. പക്ഷേ, മുംബൈയുടെ കയ്യിൽ മറ്റൊരു വജ്രായുധമുണ്ട് – ലോകകപ്പിൽ ഇന്ത്യയ്ക്കുവേണ്ടി ഉജ്വലമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറ. ടിം സൗത്തി, മിച്ചൽ മക്ലീനഘൻ, ആൻഡേഴ്സൺ, മാർച്ചന്റ് ഡി ലാഞ്ചെ എന്നിവർ പേസ് നിരയിലെ മറ്റുള്ളവർ. സ്പിന്നറായി പരിചയസമ്പന്നനായ ഹർഭജൻ സിങ്.

KCN

more recommended stories