ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം : ഹൈക്കോടതി

crകാസര്‍കോട് :  കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഉടന്‍ തന്നെ ബാങ്ക് ഭരണ സമിതി പിരിച്ചു വിടുവാനും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുവാനും ഹൈക്കോടതി ഉത്തരവിട്ടു. ഭൂരിഭാഗം അംഗങ്ങളെ അറിയിക്കാതെ കഴിഞ്ഞ ജനുവരി 11 ന് നടത്തിയ തിരഞ്ഞെടുപ്പ് നീതിപൂര്‍വമല്ലെന്ന് ബോധിപ്പിച്ചും ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും മുളിയാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അനില്‍ കെ. നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി. പന്ത്രണ്ടായിരത്തിലേറെ വോട്ടര്‍മാരുണ്ടായിരിക്കെ 1391 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്ന് ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. പതിനൊന്നംഗ ഭരണസമിതി തിരഞ്ഞെടുപ്പില്‍ രണ്ടു പേരെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ബാക്കി ഒന്‍പത് സീറ്റുകളിലേക്ക് 18 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. പതിനൊന്നംഗ ഭരണസമിതിയോഗം കെപിസിസി നിര്‍വാഹകസമിതി അംഗം പി ഗംഗാധരന്‍ നായരെ പ്രസിഡന്റും കെപിസിസി കെക്രട്ടറി കെ നീലകണ്ഠനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കൊതിരെ അപ്പീല്‍ പോകുമെന്ന് പി ഗംഗാധരന്‍ നായര്‍, കെ നീലകണ്ഠന്‍ എന്നിവര്‍ അറിയിച്ചു.

KCN