തോറ്റ് തോറ്റ് മുംബൈ മുംബൈക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴു വിക്കറ്റ് വിജയം

red tagഹൈദരാബാദ്: ഐപിഎല്‍ ഒന്‍പതാം സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. ഇന്നു നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. ഏഴു വിക്കറ്റിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി നേടിയ ഓസീസ് താരം ഡേവിഡ് വാര്‍ണറാണ് (59 പന്തില്‍ 90, 7×4, 4×6) നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ സണ്‍റൈസേഴ്‌സിന് വിജയമൊരുക്കിയത്. സീസണില്‍ സണ്‍റൈസേഴ്‌സിന്റെ ആദ്യ വിജയമാണിത്. വാര്‍ണറാണ് കളിയിലെ കേമന്‍.

സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറിന് 142. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 17.3 ഓവറില്‍ രണ്ടിന് 145.
മുംബൈ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ലോകകപ്പ് മുതല്‍ തുടരുന്ന കഷ്ടകാലം ഐപിഎലിലെ മൂന്നാം മല്‍സരത്തിലും ധവാനെ വിട്ടുപിരിയുന്നില്ലെന്ന് ആദ്യ ഓവറില്‍ത്തന്നെ വ്യക്തമായി. നാല് പന്തില്‍ രണ്ട് റണ്‍സുമായി ധവാന്‍ കൂടാരം കയറുമ്പോള്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ നാല് മാത്രം. തുടര്‍ന്നെത്തിയ മോയ്‌സസ് ഹെന്റിക്വസിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ പതുക്കെ നിലയുറപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. 22 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 20 റണ്‍സെടുത്ത െഹന്റിക്വസിനെ സൗത്തി മടക്കി.

നാലാമനായെത്തിയ ഒയിന്‍ മോര്‍ഗനെ (11 പന്തില്‍ 11) സൗത്തിയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഉജ്വലമായ ക്യാച്ചിലൂടെ മടക്കിയെങ്കിലും ദീപക് ഹൂഡയെ (ഒന്‍പത് പന്തില്‍ 17) കൂട്ടുപിടിച്ച് വാര്‍ണര്‍ സണ്‍റൈസേഴ്‌സിനെ വിജയത്തിലെത്തിച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം നിലയുറപ്പിച്ച് കളിച്ച അമ്പാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയും (48 പന്തില്‍ 54) അവസാന ഓവറുകളില്‍ വമ്പനടികളുമായി കളം നിറഞ്ഞ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുടെ അവസരോചിത ഇന്നിങ്‌സുമാണ് (28 പന്തില്‍ പുറത്താകാതെ 49 റണ്‍സ്) മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹാര്‍ദിക് പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ട്. ഹൈദരാബാദിനായി ബരീന്ദര്‍ സ്രാന്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി

 

KCN

more recommended stories