ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി; അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍

srikrishnaതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടനപത്രിക. കാര്‍ഷിക, വ്യാവസായിക മേഖലകളുടെ വികസത്തിന് മുന്‍ഗണന നല്‍കുന്ന പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും.

ഐടി, സ്റ്റാര്‍ട് അപ്പ് മേഖലയുടെ വികസനത്തിനും പദ്ധതികളുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ദേശീയ പാതകള്‍ നാലുവരിയാക്കാനും പ്രകടനപത്രിക ലക്ഷ്യമിടുന്നു. നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും, വ്യവസായ രംഗത്ത് തൊഴില്‍ സാധ്യത ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിന് പ്രത്യേക സംവിധാനം കൊണ്ടുവരും. ആദ്യഘട്ടത്തില്‍ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കി അഞ്ചുവര്‍ഷക്കാലത്തേക്ക് ഈ ഭക്ഷ്യസാധനങ്ങള്‍ക്കു വില വര്‍ധനയുണ്ടാകില്ലെന്നും പ്രകടനപത്രികയില്‍ പപ്രഖ്യാപിച്ചു. നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും. ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വന്‍കിട ബാങ്ക് പദ്ധതി രൂപീകരിക്കും.

60 വയസ് തികഞ്ഞ അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍, പെന്‍ഷന്‍ തുകകള്‍ 1000 രൂപയായി ഉയര്‍ത്തുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുന്നു. മദ്യവര്‍ജന പ്രസ്ഥാനം രൂപീകരിക്കും. സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ജനകീയ ബോധവത്കരണ പ്രസ്ഥാനം രൂപീകരിക്കും. മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 23 ആക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

 

KCN

more recommended stories