പുണെയെ വീഴ്ത്തി വീണ്ടും സിംഹഗർജനം; ഗുജറാത്തിന്റെ വിജയം മൂന്നു വിക്കറ്റിന്

gujarathഇന്ത്യൻ പ്രീമിയർ ലീഗിൽ കണ്ടു മുട്ടിയ രണ്ടാം തവണയും ധോണിയുടെ റൈസിങ് പുണെ സൂപ്പർ ജയന്റ്സിനുമേല്‍ ആധിപത്യമുറപ്പിച്ച് സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയൺസ്. പുണെയിൽ നടന്ന മൽസരത്തിൽ ഗുജറാത്തിന്റെ വിജയം മൂന്നു വിക്കറ്റിന്. ഐപിഎലിലെ കന്നി സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവൻ സ്മിത്തിന്റെ കരുത്തിൽ പുണെ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം ഒന്നാം വിക്കറ്റിൽ 93 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ബ്രണ്ടൻ മക്കല്ലം-ഡ്വെയിൻ സ്മിത്ത് സഖ്യത്തിന്റെ മികവിൽ ഗുജറാത്ത് മറികടന്നു. തിസര പെരേരയെറിഞ്ഞ അവസാന ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഗുജറാത്ത് തോൽവിയെ മുഖാമുഖം കണ്ടെങ്കിലും ഓസീസ് താരം ജയിംസ് ഫോക്നറുടെ പരിചയസമ്പത്ത് അവർക്ക് തുണയായി.ഡ്വെയിൻ സ്മിത്ത് 63 റൺസോടെയും മക്കല്ലം 22 പന്തിൽ 43 റൺസെടുത്തു പുറത്തായി. ഇരുവരും പുറത്തായശേഷം ക്യാപ്റ്റൻ സുരേഷ് റെയ്നയാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ഏഴു കളികളിൽ ആറാം വിജയം നേടി ഉജ്വല ഫോം തുടരുന്ന ഗുജറാത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചപ്പോൾ ഏഴു മൽസരങ്ങളിൽ അഞ്ചാം മൽസരവും തോറ്റ ധോണിയുടെ പുണെ ഏഴാം സ്ഥാനത്തേക്ക് വീണു.  സ്കോർ: റൈസിങ് പുണെ സൂപ്പർ ജയന്റ്സ് – 20 ഓവറിൽ മൂന്നിന് 195. ഗുജറാത്ത് ലയൺസ് – 20 ഓവറിൽ ഏഴിന് 196. ഐപിഎൽ ഒൻപതാം സീസണിലെ ഉയർന്ന രണ്ടാമത്തെ സ്കോർ കുറിച്ചിട്ടും ലീഗിൽ ഉജ്വലഫോമിൽ കളിക്കുന്ന ഗുജറാത്ത് ലയൺസിന് മുന്നിൽ മൽസരം അടിയറവ് വയ്ക്കാനായിരുന്നു പുണെയുടെ വിധി. ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ മക്കല്ലവും ഡ്വെയിൻ സ്മിത്തും ഗുജറാത്ത് ആശിച്ച തുടക്കമാണ് അവർക്ക് നൽകിയത്. സ്മിത്ത് 37 പന്തിൽ ഒരു സിക്സും ഒൻപത് ബൗണ്ടറിയുമുൾപ്പെടെ 63 റൺസെടുത്തപ്പോൾ മക്കല്ലം 22 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 43 റൺസെടുത്തു. 20 പന്തിൽ 33 റൺസെടുത്ത ദിനേശ് കാർത്തിക്കും ആറു പന്തിൽ ഏഴു റൺസെടുത്ത ഡ്വെയിൻ ബ്രാവോയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും പുറത്തായെങ്കിലും അവസാന ഓവർവരെ പൊരുതിയ റെയ്നയും (28 പന്തിൽ 34 റൺസ്) ഫോക്നറും (അഞ്ചു പന്തിൽ പുറത്താകാതെ ഒൻപത്) ചേർന്ന് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. നേരത്തെ, ഈ ഐപിഎലിലെ മൂന്നാം സെഞ്ചുറിയും തന്റെ കന്നി സെഞ്ചുറിയും കുറിച്ച സ്റ്റീവൻ സ്മിത്താണ് പുണെയ്ക്ക് സീസണിലെ ഉയർന്ന രണ്ടാമത്തെ സ്കോർ സമ്മാനിച്ചത്. 45 പന്തിൽ അ‍ഞ്ചു ബൗണ്ടറികളുൾപ്പെടെ 53 റൺസെടുത്ത അജിങ്ക്യ രഹാനെയും 18 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും പറത്തി 30 റൺസെടുത്ത് പുറത്താകാതെ നിന്ന ധോണിയും പുണെ സ്കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.

KCN

more recommended stories