സ്ഥാനാർഥികൾക്കു ചങ്കിടിപ്പ്; ഭീഷണിയുയർത്തി അപരന്മാർ

sthanrthi‘അപരൻമാരെ ചാരിയല്ല നേർക്കുനേരെയാണു പോരാട്ടം’ എന്നു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപു മുന്നണി നേതാക്കൾ വാചകമടിച്ചുവെങ്കിലും അപരൻമാരുടെ നീണ്ടനിര ഇത്തവണയും. പേരു മാത്രമല്ല ഇനിഷ്യലുപോലും ഒരുപോലെയുള്ള അപരൻമാരെ രംഗത്തിറക്കാൻ ബന്ധപ്പെട്ടവരെല്ലാം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അല്ലെങ്കിൽ സുവർണാവസരമെന്നു കരുതി അപരൻ സ്വയം സന്നദ്ധനായി രംഗത്തുണ്ട്! ഉദുമയിൽ യുഡിഎഫിലെ കെ.സുധാകരനും എൽഡിഎഫിലെ കെ.കുഞ്ഞിരാമനും വെല്ലുവിളിയായി അപരന്മാർ രംഗത്തുണ്ട്. തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.കുഞ്ഞിക്കണ്ണന് എതിരെ രണ്ട് അപരന്മാർക്ക് ഇനിഷ്യൽ വ്യത്യാസം മാത്രം. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിലെ കെ.സുരേന്ദ്രന്റെ പേരിനോടു സാദൃശ്യമുള്ള സ്വതന്ത്രൻ കെ.സുന്ദരൻ പത്രിക നൽകിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെന്നപോലെ കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർഥി സി.പി.ജോണിനെതിരെ ഇത്തവണയും അപരനുണ്ട്. ജോണിനെതിരെ മൽസരിക്കുന്ന എൽഡിഎഫിലെ എ.സി.മൊയ്തീനെതിരെ സി.ടി.മൊയ്തീൻ പത്രിക നൽകി. ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ബി.ഡി. ദേവസിക്ക് അപരനായി എൻ.എ. ദേവസി എന്നയാൾ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി. നെന്മാറ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ബാബുവിന് സി.ബാബു എന്ന പേരിൽ ഒരാളും ബാബു എന്ന പേരിൽ മൂന്നുപേരും ചേർന്ന് നാലാണ് അപരൻമാർ. യുഡിഎഫ് സ്ഥാനാർഥി കേ‍ാൺഗ്രസിലെ എ.വി.ഗേ‍ാപിനാഥിന് എം.ബി.ഗേ‍ാപിനാഥാണ് അപരൻ. പട്ടാമ്പി എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മുഹമ്മദ് മുഹ്സിനു മൂന്ന് അപരൻമാർ ഉണ്ട്. മുഹമ്മദ് മുഹ്സിൻ എന്ന പേരിലാണ് ഒരാളെങ്കിൽ രണ്ടു സ്വതന്ത്രർക്കു മുഹ്സിൻ എന്നാണ് പേര്. ഇവിടത്തെ യുഡിഎഫ് സ്ഥാനാർഥി കേ‍ാൺഗ്രസിലെ സി.പി.മുഹമ്മദിനും സി.പി.മുഹമ്മദ് എന്ന പേരിൽ അപരനുണ്ട്. മണ്ണാർക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷംസുദീന് അതേ പേരിലാണ് അപരൻ. ചിറ്റൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.അച്ചുതന് അച്ചുതൻ എന്ന പേരിൽ ഒരു അപരനെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കൃഷ്ണൻകുട്ടിക്ക് എ.കൃഷ്ണൻകുട്ടി, കെ.കൃഷ്ണൻകുട്ടി എന്നീ പേരിൽ രണ്ട് അപരന്മാർ പത്രിക നൽകി. തൃത്താലയിൽ യുഡിഫ് സ്ഥാനാർഥി വി.ടി.ബൽറാമിന്റെ അപരൻ വെറും ബൽറാം ആണ്. പൂഞ്ഞാർ എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ് പൊന്നാട്ടിനെതിരെ ജോസഫ് പി.സി. അപരനായെത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിക്കെതിരെ ജോർജ്‌കുട്ടി സെബാസ്റ്റ്യനും പത്രിക നൽകി. സ്വതന്ത്രനായി മൽസരിക്കാൻ പത്രിക നൽകിയ ജോർജ് ചാക്കോ വോട്ടിങ് മെഷീനിൽ തന്റെ പേര് പി.സി.ജോർജ് എന്നാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. കൊണ്ടോട്ടിയിലെ യുഡിഎഫ് സ്ഥാനാർഥി ടി.വി.ഇബ്രാഹിമിന് അപരനായി സി.ഇബ്രാഹിം പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർഥി കെ.പി.ബീരാൻകുട്ടിക്ക് അപരനായി വീരാൻകുട്ടി വന്നു. മങ്കടയിലെ യുഡിഎഫ് സ്ഥാനാർഥി ടി.എ.അഹമ്മദ് കബീറിനെതിരെ എം.അഹമ്മദ് കബീർ, എം.കെ.അഹമ്മദുൽ കബീർ എന്നിവർ പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർഥി ടി.കെ.റഷീദലിക്കെതിരെ റഷീദലി പത്രിക നൽകിയിട്ടുണ്ട്. തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്തിനെതിരെ നിയാസ് താഴത്തേതിൽ, നിയാസ് പറോളി എന്നീ രണ്ടു സ്വതന്ത്രർ രംഗത്തുണ്ട്. താനൂരിലെ രണ്ട് അബ്ദുറഹിമാൻമാർക്കുമെതിരെ ഒരു സ്വതന്ത്ര അബ്ദുറഹിമാൻ പത്രിക നൽകി. തിരൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.മമ്മൂട്ടിക്കെതിരെ മൂന്നു മമ്മൂട്ടിമാർ സ്വതന്ത്രരായി പത്രിക നൽകി. തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി.ജലീലിനെതിരെ കെ.ടി.അബ്ദുൽ ജലീലും രണ്ട് അബ്ദുൽ ജലീലുമാരും പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി പി.ഇഫ്തിഖാറുദ്ദീനെതിരെ പി.പി.ഇഫ്തിഖാറുദ്ദീൻ എന്ന അപരൻ പത്രിക നൽകി. കോട്ടയ്ക്കലിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾക്കെതിരെ സൈനുൽ ആബിദ് തങ്ങൾ പത്രിക നൽകി. ഉടുമ്പൻചോല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം.മണിക്കും ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എസ്.രാജേന്ദ്രനും അപരൻമാരുണ്ട്. ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പേരിനോടു സാമ്യമുള്ള ജോർജും രംഗത്തുണ്ട്. തൊടുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫിന്റെ പേരിനു സാമ്യമുള്ള ബിജു ജോസഫും രംഗത്തുണ്ട്. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.വി.ജഗദീഷ്കുമാറിന് അപരൻ വി.ജെ.ജഗദീഷ്. ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രഘു ദാമോദരന്റെ അപരനായി പി.രഘു അവതരിച്ചു. ചടയമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി മുല്ലക്കര രത്നാകന്റെ അപരൻ എസ്.രത്നാകരനും കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ അപരൻ ഉല്ലാസുമാണ്. ചവറ മണ്ഡലത്തിൽ ഷിബു ബേബി ജോണിന്റെ അപരനായി ഷിബുവും ഉണ്ട്. കൽപറ്റയിൽ യുഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ്കുമാറിനോടു സാമ്യമുള്ള കെ.എസ്.ശ്രേയാംസ്കുമാർ പത്രിക നൽകിയിട്ടുണ്ട്. ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർഥി ഐ.സി.ബാലകൃഷ്ണന്റെ പേരുമായി സാമ്യമുള്ള ബാലകൃഷ്ണൻ പത്രിക നൽകി. അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെ.എം.ഷാജിയുടെ അപരനായി മറ്റൊരു കെ.എം.ഷാജി പത്രിക നൽകിയിട്ടുണ്ട്. കൂത്തുപറമ്പിൽ മന്ത്രി കെ.പി.മോഹനനു കെ.പി.മോഹനൻ എന്ന പേരിൽ രണ്ട് അപരൻമാരുണ്ട്. എതിർസ്ഥാനാർഥി കെ.കെ.ശൈലജയ്ക്കുമുണ്ട് അപരകൾ രണ്ട്– കെ.പി.ശൈലജയും ശൈലജയും. തലശേരിയിൽ യുഡിഎഫ് സ്ഥാനാർഥി എ.പി.അബ്ദുല്ലക്കുട്ടിക്കും പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്കും സണ്ണി ജോസഫിനും അതേ പേരിൽ അപരൻമാർ പത്രിക നൽകിയിട്ടുണ്ട്.

KCN

more recommended stories