കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം ഉടന്‍ തുങ്ങിയേക്കും

kstpകാഞ്ഞങ്ങാട്: നഗരസഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിടുക്കത്തില്‍ ആരംഭിക്കുകയും വിവാദത്തെ തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്ത കെ.എസ്.ടി.പി അധികൃതര്‍ കാഞ്ഞങ്ങാട്ടെ റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ വീണ്ടും നടപടികള്‍ തുടങ്ങി.
കഴിഞ്ഞ വര്‍ഷം അവസാനം റോഡ് നിര്‍മ്മാണം തുടങ്ങുകയും നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെച്ച് അധികൃതര്‍ പിന്‍മാറുകയുമായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് റോഡ് നിര്‍മ്മാണം പുനരാംരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിനായി ഇന്നലെ കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരസഭയിലെത്തി ചെയര്‍മാന്‍ വി.വി.രമേശന്‍, വൈസ് ചെയര്‍മാന്‍ എല്‍.സുലൈഖ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. റോഡിന്റെ തുടക്കത്തില്‍ ഓവുചാല്‍ നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി മഴ വരുന്നതിന് മുമ്പ് തന്നെ നിലവിലുള്ള ഓടയിലെ മാലിന്യങ്ങളും നീക്കാനാണ് തീരുമാനമായിട്ടുള്ളത്. ഓവുചാലില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് അത് നിക്ഷേപിക്കുന്നതിനുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
റോഡ് നിര്‍മ്മാണം കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് തുടങ്ങാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. നിര്‍മ്മാണവേളയില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിന് പോലീസിന്റെയും മറ്റും സഹായം തേടും. നഗരത്തില്‍ ഇന്ന് ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കെ.എസ്.ടി.പി അധികൃതരും തമ്മില്‍ പരിശോധന നടത്തും. ഭൂമിക്കടിയില്‍ രണ്ട് വകുപ്പുകളും ഇട്ടിട്ടുള്ള കേബിളുകള്‍ മുറിയാതെ നോക്കുന്നത് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നേരത്തെ ടി.ബി റോഡ് ജംഗ്ഷനില്‍ നിന്നാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത് നിലവിലുള്ള റോഡില്‍ ഒരിക്കല്‍ കൂടി ടാറിംഗ് നടത്തുകയായിരുന്നു. ഇതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്.
ഇതിന്റെ പേരില്‍ നഗരസഭയും നാട്ടുകാരുമൊക്കെ കെ.എസ്.ടി.പിക്ക് എതിരായിരുന്നു. ഇതിന്റെ പേരില്‍ അന്നത്തെ ചീഫ് എഞ്ചിനീയര്‍ പി.എസ്.സുരേഷ്, അന്നത്തെ എം.എല്‍.എ ഇചന്ദ്രശേഖരനോടും ചെയര്‍മാന്‍ വി.വി.രമേശനോടും തട്ടിക്കയറുകയും ചെയ്തിരുന്നു. തനിക്ക് എം.എല്‍.എയോടോ ചെയര്‍മാനോടോ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും വകുപ്പ് മന്ത്രിയോട് മാത്രമേ സംസാരിക്കാന്‍ തയ്യാറുള്ളൂവെന്നും സുരേഷ് ഫോണില്‍ അറിയിച്ചിരുന്നു. അദ്ദേഹത്തെ ഇതിനകം തന്നെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ചീഫ് എഞ്ചിനീയറും സഹപ്രവര്‍ത്തകരുമാണ് ഇന്നലെ നഗരസഭാ അധികൃതരുമായി ചര്‍ച്ച നടത്തിയത്. മഴക്കാലത്തിന് മുമ്പുതന്നെ റോഡ് നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. ജൂണ്‍ 7ന് കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴപെയ്യുന്നതിനിടയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പട്ടണം ചെളിക്കുളമാവാനുള്ള സാധ്യതയും ജനങ്ങള്‍ മുന്നില്‍കാണുന്നുണ്ട്.

KCN

more recommended stories