വായനാവാരാചരണത്തിന് വിപുലമായ ഒരുക്കങ്ങള്‍ ജില്ലാതല ഉദ്ഘാടനം അമ്പലത്തറയില്‍

Orange (1) copyഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളുടെ പ്രചാരകന്‍ പി എന്‍ പണിക്കരുടെ അനുസ്മരണാര്‍ത്ഥം ജില്ലാ ഭരണകൂടവും പി എന്‍ പണിക്കര്‍ ഫൗണ്ടഷനും സഹകരിച്ച് സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് ഈ മാസം 19ന് തുടക്കമാകും. കളക്ടറുടെ ചേമ്പറില്‍ നടന്ന ആലോചനായോഗത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ പരിപാടികള്‍ വിശദീകരിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ കൂടിയായ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ പി ജയരാജന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. 20ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കോളേജുകളിലും വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ വായനാദിന സന്ദേശ പ്രതിജ്ഞ ചൊല്ലും.കാഞ്ഞങ്ങാട് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടക്കും. മികച്ച അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, കവിതാലാപനം വിവിധസാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും. ജില്ലാതല ഉദ്ഘാടത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പുസ്തകമേന്തി അക്ഷരകവാടമൊരുക്കും. ചടങ്ങില്‍ നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. പ്രമുഖ എഴുത്തുകാര്‍ ചടങ്ങില്‍ സംബന്ധിക്കും. വിദ്യാലയങ്ങളില്‍ അക്ഷര വൃക്ഷം നടും.
വാരാചരണത്തിന് മുന്നോടിയായി ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ കുട്ടികള്‍ക്കായി റവന്യു ജില്ലാതലക്വിസ് മത്സരം നടത്തും. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. വിജയികളില്‍ രണ്ടുപേര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. 20ന് വിദ്യാലയതലത്തില്‍ ഉപന്യാസ രചനാമത്സരം നടത്തും. 22ന് വിദ്യാഭ്യാസ ജില്ലാതലത്തില്‍ കാഞ്ഞങ്ങാടും കാസര്‍കോടും മത്സരങ്ങള്‍ നടത്തും. മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരം. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും വായനാവാരാചരണ പരിപാടികള്‍ നടത്തും. ജില്ലാ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തില്‍ 19ന് പത്താം തരം, ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. 20ന് തുടര്‍ സാക്ഷരതാ കേന്ദ്രങ്ങളിലും പരിപാടികള്‍ നടത്തും 22ന് വായനാമത്സരം നടത്തും. 23 ന് ജില്ലാതല വായനാവാരാഘോഷം സംഘടിപ്പിക്കും.
ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ മായിപാടി പരിശീലനകേന്ദ്രത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിളംബരജാഥ, വായനാനുഭവങ്ങള്‍പങ്കുവെക്കല്‍, ചിത്രരചന, മാജിക് ഷോ, പ്രസംഗം, കവിതാരചന, പുസ്തകപ്രദര്‍ശനം തുടങ്ങിയവയും നടത്തും. എല്ലാ സ്‌കൂളുകളിലും പുതിയ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. പാലക്കുന്ന് അംബികാ വായനശാലയുടെ നേതൃത്വത്തില്‍ പുസ്തകപ്രദര്‍ശനം നടത്തും.
25ന് സമാപന സമ്മേളനം നടത്തും. ജില്ലയിലെ വിദ്യാലയ ലൈബ്രറികളേയും വായനശാലകളേയും ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ക്കും ജില്ലയിലെ വിദ്യാലയങ്ങളില്‍ ഡയറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന സ്‌ക്കൂള്‍ ലൈബ്രറിശാക്തീകരണ പരിപാടികള്‍ക്കും വായനാവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് തുടക്കം കുറിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ അധ്യക്ഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ കണ്‍വീനറുമായി വാരാചരണ കമ്മിറ്റി രൂപീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹി തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, കാന്‍ഫെഡ്, സന്നദ്ധ സംഘടനകള്‍ എന്നിവരും കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. യോഗത്തില്‍ കാന്‍ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ ഭാസ്‌കരന്‍, കാസര്‍കോട് ഡി.ഡി.ഇ പി.കെ#ി രഘുനാഥ്, കാഞ്ഞങ്ങാട് ഡി.ഇ.ഒ ഡി. മഹാലിംഗേശ്വരരാജ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: പി.വി കൃഷ്ണകുമാര്‍, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി സിറാജ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ.വി രാഘവന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ എസ്.പി അബ്ദുല്ല, കാവുങ്കാല്‍ നാരായണന്‍, പി.കെ കുമാരന്‍ നായര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍ ഡി.പി.ഒ സി അയൂബ്ഖാന്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, കൂക്കാനം റഹ്മാന്‍, കാസര്‍കോട് ഡി.ഇ.ഒ ഇന്‍ചാര്‍ജ് കെ.നാഗവേണി, അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം പ്രതിനിധി പി വി ജയരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

KCN

more recommended stories