ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

dr copyകൊച്ചി: പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് കേരളത്തിലെ സുപ്രധാന നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 10 വര്‍ഷത്തിലധികം പഴക്കമുള്ള 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. നേരത്തെ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹരിത ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയ വിലക്കും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മെയ് മാസം 23നാണ് പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളില്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു മാസത്തിന് ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണമെന്നും കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ട്രിബ്യൂണല്‍ ബഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹരിത ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 27 ന് ഹൈക്കോടതി സ്റ്റ ചെയ്തു. വസ്തുതകള്‍ പഠിക്കാതെയാണ് ട്രൈബ്യൂണലിന്റെ വിധിയെന്നായിരുന്നു ഹൈക്കോടതി അന്ന് നിരീക്ഷിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കിയിരിക്കുന്നത്. ഡീസല്‍ വാഹനഹങ്ങളെ ധാരാളമായി ആശ്രയിക്കുന്ന കേരളത്തിന് വളരെയധികം തിരിച്ചടി നല്‍കുന്ന ഒന്നായിരുന്നു ഹരിത ട്രിബ്യൂണല്‍ ഉത്തരവ്.

 

KCN

more recommended stories