ദളിത് വൃദ്ധ രത്‌നമ്മയ്ക്ക് നേരെ നടന്ന അക്രമണം കുടുംബ വഴക്കെന്ന് വരുത്താന്‍ സിപിഎം ശ്രമം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: മഹിളാ മോര്‍ച്ച

mahilamorcha kasaragodകാസര്‍കോട്: ദലിത് വൃദ്ധയായ ദേലംപാടി കക്കപ്പാടിയിലെ രത്‌നമ്മ(60)യ്ക്ക് നേരെ നടന്ന സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമണം കുടുംബ വഴക്കെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ഭാരതീയ മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ആരോപിച്ചു. സിപിഎം തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസ് കേസന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുമ്പായി രത്‌നമ്മയ്ക്ക് മാരകമായി പരിക്കേറ്റത് കുടുംബ വഴക്കിനിടയിലാണെന്ന് മൊഴി നല്‍കാന്‍ പോലീസ് അവരെ നിര്‍ബന്ധിക്കുകയാണ്. പോലീസിന്റെ ഈ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് ഭാരതീയ മഹിളാ മോര്‍ച്ച ആശ്യപ്പെട്ടു.

പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുകയും സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്യണം. നിസാരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം വഴിമുട്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ഭരണ സ്വാധീനമുപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ സംസ്ഥാനത്ത് അക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. സ്ത്രീകള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാന്‍ ഭരണ കൂടങ്ങള്‍ ശ്രമിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സ്ത്രീ സുരക്ഷയ്ക്കായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം ജനാധിപത്യ രീതിയിലുള്ള ശക്തമായ സമര പരിപാടികളുമായി ഭാരതീയ മഹിളാ മോര്‍ച്ചാ മുന്നോട്ട് പോകും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ശൈലജാ ഭട്ട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ഭാരതീയ മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് രത്‌നാവതി എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories