വരള്‍ച്ച: കുടിവെളളം ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍

കാസര്‍കോട് :  ജില്ലയില്‍  വരള്‍ച്ച  രൂക്ഷമായ സാഹചര്യത്തില്‍ കുടിവെളള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക്  ടാങ്കര്‍ മുഖേന ജലം ലഭ്യമാക്കുന്നതിനുപുറമേ നിരവധി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ സമിതി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു.
ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തിരമായി   ടാങ്കര്‍ മുഖേന കുടിവെളളം ലഭ്യമാക്കാന്‍ പഞ്ചായത്തുകള്‍ക്ക്  പ്രത്യേക അനുമതി  നല്‍കും.  നഗരസഭകളിലും, പഞ്ചായത്തുകളിലുമുളള കിണറുകള്‍, കുളങ്ങള്‍, കുഴല്‍ കിണറുകള്‍ തുടങ്ങിയ  ജലസ്രോതസ്സുകളുടെ ശുചീകരണം, അറ്റകുറ്റപണികള്‍ എന്നിവചെയ്യും. കുഴല്‍ കിണറുകള്‍ക്ക്  ഹാന്റ് പമ്പ് ഘടിപ്പിക്കല്‍, ആവശ്യമായിടത്ത്  പൈപ്പ് ലൈന്‍ നീട്ടല്‍, റിപ്പേയര്‍ ചെയ്യല്‍ എന്നീ പ്രവൃത്തികള്‍ നടത്തും. കേടായ കുടിവെളള മോട്ടോറുകളുടെ അറ്റകുറ്റപണി തീര്‍ക്കും.
കുടിവെളളം ശേഖരിച്ച് വെക്കാനും പൊതുജനങ്ങള്‍ക്ക് വെളളം എടുക്കാനും സൗകര്യമൊരുക്കാന്‍ ടാങ്കുകള്‍ സ്ഥാപിക്കും. ടാങ്കുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ പ്രത്യേക തറ        നിര്‍മിക്കാന്‍ പഞ്ചായത്തുകള്‍ക്ക്  നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളുടെ കുടിവെളള പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.  കഴിഞ്ഞ വര്‍ഷം വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെളളം  ലഭ്യമാക്കിയ ഇനത്തില്‍ ചെലവായ തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കണമെന്ന് പഞ്ചായത്ത്  പ്രസിഡണ്ടുമാര്‍ അഭ്യര്‍ത്ഥിച്ചു.
നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ നബാര്‍ഡിന്റെ സഹായത്തോടെയുളള  51 കോടിയുടെ കുടിവെളള പദ്ധതി നടപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. വലിയപറമ്പ, മാടക്കല്‍ ബണ്ടില്‍ അതിരൂക്ഷമായ പായല്‍ ശല്യം കൊണ്ട് ജലം മലിനപ്പെട്ടതായും, ജില്ലാ റിവര്‍ മാനേജ്‌മെന്റ്  കമ്മിറ്റിയുടെ  ഫണ്ട് ഉപയോഗിച്ച് ഈ ജലം  ശുദ്ധീകരിക്കാന്‍ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. മുളിയാര്‍ പഞ്ചായത്തിലെ ഏഴ് കുടിവെളള പദ്ധതികള്‍  ഇനിയും നടപ്പാക്കിയിട്ടില്ല.  അജാനൂരില്‍ 16ഉം പളളിക്കരയില്‍ 15ഉം കുഴല്‍ കിണറുകള്‍ റിപ്പേയര്‍ ചെയ്യണം, കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അടിയന്തിരമായി  ടാങ്കര്‍ ലോറികളിലൂടെ കുടിവെളളം എത്തിക്കണം. ബേഡഡുക്കയിലെ രാമങ്കയം കുടിവെളള പദ്ധതി 2008-09 ല്‍ പണി പൂര്‍ത്തിയായിരുന്നുവെങ്കിലും ഇത് വരെ മോട്ടോര്‍  സ്ഥാപിച്ച് കുടിവെളളം വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടില്ല തുടങ്ങിയ ആവശ്യങ്ങളും  പ്രശ്‌നങ്ങളും ജനപ്രതിനികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ബേഡഡുക്കയില്‍ 50 ലക്ഷം രൂപയുടെ കുടിവെളള പദ്ധതികള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.  ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ നാലു പഞ്ചായത്തുകളിലേക്ക് കുടിവെളളം ലഭ്യമാക്കാന്‍  മുളിയാറില്‍ 67 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന സംയുക്ത സംരംഭമായ കുടിവെളള പദ്ധതി നടപ്പാക്കാന്‍ നാലു പഞ്ചായത്തുകളും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നാലു പഞ്ചായത്തുകളിലും  പദ്ധതിക്കായി ഫണ്ട് നീക്കി വെക്കാനും നിര്‍ദ്ദേശിച്ചു.  ജില്ലയിലെ കുഴല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനുമുളള പ്രായോഗിക പദ്ധതികള്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രിയില്‍  ജലം ലഭ്യമാക്കാന്‍ 1.25 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി പ്രവൃത്തി ആരംഭിച്ചതായി  അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് പി.പി ശ്യാമളാദേവി, എ.ഡി.എം  മുഹമ്മദ് അസ്ലം, ഉദുമ നഗരസഭാ ചെയര്‍മാന്‍മാര്‍,  ഗ്രാമ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ടുമാര്‍ , വിവിധ ജില്ലാ തല ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN