തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍: കരട് റിപ്പോര്‍ട്ടിന് അനുമതി

railതിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനുള്ള കരട് റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് സാദ്ധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ ഇടനാഴിയ്ക്കാണ് പദ്ധതി.  മണിക്കൂറില്‍ 300 മുതല്‍ 350 കിലോ മീറ്റര്‍ വേഗത യില്‍ സഞ്ചരിക്കാനാവുന്നതാണ് ഇത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്‌ എത്താന്‍ രണ്ടു മണിക്കൂര്‍ മതിയാവും. ഇപ്പോള്‍ ഇതിന് 12 മണിക്കൂര്‍ വേണം.190 കിലോമീറ്റര്‍ ദൂരം റെയില്‍പാത തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയും 146 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിട്ടും ആണ് നിര്‍മിക്കുക. വൈദ്യുതി ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പ്രവര്‍ത്തിക്കുക. ഒമ്പതു വര്‍ഷം കൊണ്ട് പാതയുടെ പണി പൂര്‍ത്തികരിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.  പദ്ധതിയ്ക്കായി മൊത്തം 790 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക.  ഇതില്‍ 450 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. ഒമ്പത് സ്റ്റേഷനുകളാണ് ഈ അതിവേഗ പാതയില്‍ ഉണ്ടായിരിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നുര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം കൊച്ചുവേളിക്കു സമീപമായിരിക്കും പ്രധാന ഡിപ്പോയും സ്റ്റേഷനും. ഇതിനായി ഏകദേശം 30 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

KCN

more recommended stories