വിശ്വകര്‍മ്മ സമുദായ കമ്മിഷന്‍ സിറ്റിംഗ് നടത്തി

newsiconകാസര്‍കോട്:  കേരള വിശ്വകര്‍മ്മ സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി.എന്‍ ശങ്കരന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ സെക്രട്ടി കെ.ആര്‍.രവീന്ദ്രനും പങ്കെടുത്തു. വിശ്വകര്‍മ്മസമുദായത്തിലെ 100 പ്രതിനിധികള്‍  സംബന്ധിച്ചു അമ്പത് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.  മരപ്പണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, വാര്‍ക്ക പണിക്കാര്‍, കല്‍പണിക്കാര്‍ എന്നീ അഞ്ച് ഉപജാതികള്‍ ഉള്‍പ്പെടുന്ന വിശ്വകര്‍മ്മ സമുദായത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍, സാംസ്‌കാരിക, പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ സിറ്റിംഗ്പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന ജില്ലകളില്‍ സിറ്റിംഗ് മെയ് 15നകം സിറ്റിംഗ് പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാറിന് റിപ്പോര്‍ട്ട്  നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പി.എസ്.സി നിയമനങ്ങളില്‍ വിശ്വകര്‍മ്മ സമുദായത്തിന്റെ സംവരണനിരക്ക് മൂന്നില്‍ നിന്ന് അഞ്ചാക്കുക, ദേവസ്വം ബോര്‍ഡില്‍ സമുദായത്തിന് പ്രാതിനിധ്യം ലഭിക്കുക, വാസ്തുശാസ്ത്രം സര്‍വ്വകലാശാല തലത്തില്‍ പാഠ്യവിഷയമാക്കുക, സര്‍വ്വകലാശാലയില്‍ വിശ്വകര്‍മ്മജരുടെ പാരമ്പര്യം നിലനിര്‍ത്താനുള്ള ചെയര്‍ സ്ഥാപിക്കുക, ദേവസ്വം ബോര്‍ഡില്‍ സ്തപതി സ്ഥാനം പുനസ്ഥാപിക്കുക, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരണത്തിന്റെ മൂല്യം കണക്കാക്കുവാന്‍ വിശ്വകര്‍മ്മ സമുദായത്തിലെ കഴിവുള്ളവരെ നിയമിക്കുക, പത്മനാഭസ്വാമിക്ഷേത്രത്തിലെ നിര്‍ദ്ദിഷ്ട ഭരണ സമിതിയില്‍ വിശ്വകര്‍മ്മ സമുദായത്തിന് പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് വനംവകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലഘൂകരിക്കുക, ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കുക, 60 വയസ്സ് കഴിഞ്ഞ വിശ്വകര്‍മ്മജര്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ 3000 രൂപ പ്രതിമാ പെന്‍ഷന്‍ നല്‍കുക, സ്വര്‍ണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആഗോളീകരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട വിശ്വകര്‍മ്മര്‍ക്കായി പുനരധിവാസ പദ്ധതി  ആവിഷ്‌കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സിറ്റിംഗില്‍ ലഭിച്ചത്. വിശ്വകര്‍മ്മ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക സ്ഥിതി വിവരവും ജനസംഖ്യ സംബന്ധിച്ച വിവരവും കണക്കാക്കുന്നതിന് സാമ്പിള്‍ സര്‍വ്വേ നടത്തും. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സാംസ്‌ക്കാരിക സ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള വിശ്വകര്‍മ്മ സമുദായത്തിന്റെ പ്രാതിനിധ്യത്തിന്റെ കണക്കെടുപ്പ് നടത്തി. അഖില കേരള വിശ്വകര്‍മ്മ മഹാസഭ, കേരള വിശ്വകര്‍മ്മസഭ, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി, തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി, കാര്‍പന്റേഴ്‌സ് അസോസിയേഷന്‍, ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍, വിവിധ വാസ്തു പഠന കേന്ദ്രങ്ങള്‍, പൂജാകേന്ദ്രങ്ങള്‍, വിശ്വകര്‍മ്മ സമുദായത്തിലെ വിവിധ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ പ്രതിനിധികളാണ് സിറ്റിംഗില്‍ പങ്കെടുത്തത്.

KCN