കേന്ദ്രസര്‍ക്കാരിന്റെ നാലാംഘട്ട സ്വര്‍ണ്ണബോണ്ട് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം

gold bondദില്ലി: കേന്ദ്രസര്‍ക്കാരിന്റെ നാലാംഘട്ട സ്വര്‍ണബോണ്ട് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ഉല്‍പ്പാദനക്ഷമമല്ലാതെ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.

ഉല്‍പ്പാദനക്ഷമമല്ലാതെ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണബോണ്ട് പദ്ധതിക്ക് രൂപം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണനാണ്യപദ്ധതിക്ക് പുറമേയാണ് സര്‍ക്കാര്‍ ഈ പദ്ധതിയും പ്രഖ്യാപിച്ചത്. ബോണ്ട് തിരിച്ച് നല്‍കുമ്പോള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന നിര്‍ദിഷ്ട തുകയ്ക്ക് മേല്‍ മൂലധന ആദായനികുതി ചുമത്തുകയില്ലായെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ആകര്‍ഷണീയത. ഈ പദ്ധതിയുടെ നാലാംഘട്ടത്തിനാണ് തിങ്കളാഴ്ച തുടക്കമാകുക. ജൂലായ് 22 വരെ ബോണ്ടുകള്‍ക്കുളള അപേക്ഷകള്‍
സ്വീകരിക്കുമെന്നും, ആഗസ്റ്റ് അഞ്ചിന് ബോണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

അഞ്ച്, പത്ത്, അന്‍പത്, നൂറ് ഗ്രാമുകളായി തരംതിരിച്ചാണ് സ്വര്‍ണബോണ്ടുകള്‍ അനുവദിക്കുക. അഞ്ച് വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയാണ് ഓരോ ബോണ്ടിന്റെയും കാലാവധി. നിക്ഷേപസമയത്തെ സ്വര്‍ണത്തിന്റെ വില കണക്കിലെടുത്താണ് പലിശ നിരക്ക് നിശ്ചയിക്കുക. ഒരു വര്‍ഷം ഒരു വ്യക്തിക്ക് നിക്ഷേപം നടത്താന്‍ കഴിയുന്ന പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. പരമാവധി 500 ഗ്രാം വരെ മാത്രം നിക്ഷേപം നടത്താനേ ഈ പദ്ധതി വഴി സാധിക്കു.

മാര്‍ച്ചില്‍ നടന്ന മൂന്നാംഘട്ട സ്വര്‍ണ ബോണ്ട് പദ്ധതി സര്‍ക്കാരിന് നിരാശയാണ് സമ്മാനിച്ചത്. 1128 കിലോഗ്രാം സ്വര്‍ണത്തിന് തുല്യമായ ബോണ്ടുകള്‍ മാത്രമാണ് നിക്ഷേപകര്‍ വാങ്ങിയത്. 329 കോടി രൂപയാണ് ഇത് വഴി സര്‍ക്കാര്‍ സമാഹരിച്ചത്. ഒന്നാം ഘട്ടത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പദ്ധതി ഒട്ടും ആകര്‍ഷണീയമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഒന്നാം ഘട്ടത്തിലെയും നിക്ഷേപ സമാഹരണം. 246 കോടി രൂപയായിരുന്നു ഒന്നാംഘട്ടത്തിലെ നിക്ഷേപം. എന്നാല്‍ രണ്ടാംഘട്ടത്തില്‍ 726 കോടി രൂപ ഈ പദ്ധതി വഴി സമാഹരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

KCN

more recommended stories