കൈക്കൂലി വാങ്ങിയ ഹൈവേ പോലീസിനെ വിജിലന്‍സ് സംഘം പിടികൂടി

rajadhani copyഉപ്പള: മണല്‍ കടത്തു ലോറി സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങിയ 21,030 രൂപയുമായി ഹൈവേ പൊലീസിനെ വിജിലന്‍സ് സംഘം പിടികൂടി.ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ഉപ്പള നയാബസാറില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് സംഘത്തില്‍ നിന്നുമാണ് കൈക്കൂലി പണം പിടികൂടിയത്.

ഹൈവെ പൊലീസ് സ്‌ക്വാഡ് ഒന്നിലെ എസ്.ഐ. എ.പി ബേഡു, പൊലീസുകാരായ എം.ടി രതീഷ്, ടി. രതീഷ്, ഡ്രൈവര്‍ ടി. രജിത് കുമാര്‍ എന്നിവരാണ് പിടിയിലായത്.പരിശോധനയില്‍ എസ്.ഐയുടെ കീശയില്‍ 2030 രൂപ കയ്യോടെ പിടികൂടി.കൂടുതല്‍ പരിശോധനക്കിടയില്‍ ഹൈവെ പൊലീസ് വണ്ടി നിര്‍ത്തിയിരുന്ന സ്ഥലത്തുള്ള കടയുടെ സമീപം ഒരു ബാഗ് കണ്ടെത്തി.ഈ ബാഗില്‍ നിന്നും 19,000 രൂപയും പിടിച്ചെടുത്തു.റൈഡ് മുന്‍കൂട്ടി കണ്ടു പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പണം ബാഗിലാക്കി കടയുടെ വരാന്തയില്‍ സൂക്ഷിച്ചതെന്നാണ് സംശയിക്കുന്നത്.
ഡ്യൂട്ടി തുടങ്ങുമ്പോള്‍ ജനറല്‍ ഡയറിയില്‍ കയ്യിലുള്ള പണം എത്രയെന്ന് രേഖപ്പെടുത്തി വെക്കണമെന്നാണ് നിയമം. 1070 രൂപ ഉണ്ടെന്നാണ് എസ്.ഐ. രേഖപ്പെടുത്തിയിരുന്നത്. ഇത് കൂടാതെ പിഴയായി വാഹനങ്ങളില്‍ നിന്ന് വാങ്ങിയ പണം വേറെയുമുണ്ടായിരുന്നു.ഇതില്‍ രണ്ടിലും പെടാതെയാണ് 21030 രൂപ കണ്ടെത്തിയത്.

തലപ്പാടി മുതല്‍ പൊയിനാച്ചി വരെയാണ് ഹൈവെ പൊലീസ് സ്‌ക്വാഡ് ഒന്നിന്റെ നിരീക്ഷണ ചുമതല.രാത്രി കാലങ്ങളില്‍ ഇതുവഴി എത്തുന്ന മണല്‍ ലോറികളില്‍ നിന്നും 500 രൂപ വെച്ചാണ് ഹൈവെ പൊലീസ് വാങ്ങുന്നതെന്നു ആരോപണം ഉണ്ടായിരുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ.വി രഘുരാമന്‍, എസ് ഐ രാംദാസ്, എ എസ് ഐ ശശിധരന്‍ പിള്ള, പോലീസുകാരായ രാധാകൃഷ്ണന്‍, ജോസഫ്, ദാസ് എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തി കൈക്കൂലി പണം പിടികൂടിയത്. തഹസില്‍ദാര്‍ ശശിധര ഷെട്ടിയുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് പണം കസ്റ്റഡിയിലെടുത്തു.

 

KCN

more recommended stories