വിജയ് രൂപാണി പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

roopa raniഅഹമ്മദാബാദ്: മുതിര്‍ന്ന ബിജെപി നേതാവ് വിജയ് രൂപാണി ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വിജയ് രൂപാണിയെ പുതിയ മുഖ്യമന്ത്രിയായി നേതൃത്വം തീരുമാനിച്ചത്. നിലവില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ രൂപാണി ഗുജറാത്തിലെ ബിജെപി നേതാക്കളില്‍ പ്രമുഖനാണ്. അതേസമയം നിതിന്‍ പട്ടേലിനെ ഗുജറാത്തിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ ബിജെപി മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.

മുഖ്യമന്ത്രിപദം ഒഴിഞ്ഞ ആനന്ദി ബെന്‍ പട്ടേലിന് പകരമാണ് വിജയ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടിയ ആനന്ദി ബെന്‍ പട്ടേല്‍ യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്ന് വിശദീകരിച്ചിരുന്നു.

 

ആനന്ദിബെന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് ആനന്ദിബെന്‍ പട്ടേലിനെതിരെ വലിയതോതില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതാണ് മാറി ചിന്തിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.

നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനെ തുടര്‍ന്ന് 2014-ലാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഇതിന് ശേഷം സംസ്ഥാനത്ത് നടന്ന തദ്ദേശ ഭരണതെരഞ്ഞടുപ്പില്‍ ഉള്‍പ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. മാത്രവുമല്ല, മുഖ്യശത്രുവായ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പുകളില്‍ നടത്തിയിരിക്കുന്നത്. ഇതെല്ലാം മുഖ്യമന്ത്രി മാറ്റം എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചിരുന്നു.

സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭം ശരിയായ രീതിയില്‍ നേരിടുന്നതിന് സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഹാര്‍ദിക് പട്ടേല്‍ പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പത് മാസത്തോളം ജയിലിലായിരുന്നു. അടുത്തിടെയാണ് ഗുജറാത്തില്‍ കടക്കരുതെന്ന കര്‍ശന വ്യവസ്ഥയില്‍ ഹാര്‍ദികിന് ജാമ്യം ലഭിച്ചത്. വോട്ടര്‍മാരില്‍ ഭൂരിപക്ഷം വരുന്ന പട്ടേല്‍ സമുദായത്തിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും നിര്‍ണായകമാണ്. ഈ വിഭാഗത്തെ പിണക്കിയിരിക്കുന്നത് പാര്‍ട്ടിക്ക് ഭാവിയില്‍ ചെറുതല്ലാത്ത നഷ്ടം ഉണ്ടാക്കുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. ഇതെല്ലാമാണ് ഒരു ഉടച്ചുവാര്‍ക്കലിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

KCN

more recommended stories