തദ്ദേശ സ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസുമായി സഹകരണം തുടരുമെന്ന് രമേശ് ചെന്നിത്തല

ramesh chennithalaതിരുവനന്തപുരം: മുന്നണി വിട്ടെങ്കിലും കേരളാ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ സഖ്യം തുടരാമെന്നാണ് യുഡിഎഫ് യോഗ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോണ്‍ഗ്രസ് പ്രാദേശിക സഖ്യം നിലനിര്‍ത്താന്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കില്ലെന്നും മുന്നണി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സഹകരണം തുടരുമെന്ന് കെഎം മാണി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫ് വിടാനുള്ള തീരുമാനം കേരളാ കോണ്‍ഗ്രസ് ഒറ്റക്കെടുത്തതാണ്. തീരുമാനം കേരളാ കോണ്‍ഗ്രസ് പുന: പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കേരളകോണ്‍ഗ്രസിനെ പുറത്താക്കുകയോ പുറത്ത് പോകാന്‍ പറയുകയോ ചെയ്തിട്ടില്ല. കേരളാ കോണ്‍ഗ്രസ് പുറത്ത് പോകണമെന്ന് മുന്നണിയിലെ ഒരു കക്ഷികള്‍ക്കും ആഗ്രഹമുണ്ടായിട്ടില്ല. തെറ്റിദ്ധാരണയെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടത്. അത് പരിഹരിക്കുന്നതിനുള്ള നടപടിയുണ്ടാകും. മുന്നണിയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്.

മുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ഇന്നത്തെ യുഡിഎഫ് യോഗം ചര്‍ച്ച തെയ്‌തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എല്ലാ ഘടകകക്ഷികളുമായും ഉഭയകക്ഷി ചര്‍ച്ച നടത്തും. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കും. കെഎം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും പ്രകോപിപ്പിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമായി.

KCN

more recommended stories