കുറ്റിക്കോല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ സെക്രട്ടറിക്കെതിരെ ഭരണസമിതി

bank copyകുറ്റിക്കോല്‍ വ്യാജരേഖകള്‍ തയാറാക്കി തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറിയുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവന്ന സെക്രട്ടറിക്കെതിരെ ഭരണസമിതി പോലീസില്‍ പരാതി നല്‍കി. കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ സെക്രട്ടറി പ്രഭാകരന്‍ നടത്തിയ തിരിമറി കണ്ടുപിടിക്കുകയും അത് ഭരണസമിതിയെ അറിയിക്കുകയും ചെയ്ത സെക്രട്ടറി അശോക് കുമാറിനെതിരെയാണ് ഭരണസമിതി പോലീസില്‍ പരാതി നല്‍കിയത്.

കെ. അശോക് കുമാര്‍ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് 2015 16 വര്‍ഷത്തെ ഓഡിറ്റിങ്ങിനാവശ്യമായ സ്‌റ്റേറ്റ്‌മെന്റ് തയാറാക്കുന്നതിനിടെ കാസര്‍കോട് ജില്ലാ സഹകരണബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ പലിശ ഇനത്തില്‍ പരിധിയില്‍ കൂടുതല്‍ പലിശ അടച്ചതായി ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ ബാങ്കിലേക്കുള്ള പലിശ തിരിച്ചടവിലും മറ്റ് പല ഇടപാടുകളിലുമായി ബാങ്കില്‍നിന്നും വിരമിച്ച സെക്രട്ടറി പി.പ്രഭാകരന്‍ 42,63,200 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയും ചെയ്തു. അത് സംബന്ധിച്ച് ജൂണ്‍ 15നു ഭരണസമിതിക്ക് അശോക് കുമാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രസ്തുത കാലയളവില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അശോക് കുമാറിനെ കബളിപ്പിച്ചുകൊണ്ട് വ്യാജരേഖകള്‍ തയാറാക്കിയാണ് മുന്‍ സെക്രട്ടറി പണം തട്ടിയെടുത്തതെന്നാണ് ആരോപണം.

എന്നാല്‍ ബാങ്ക് ഇടപാടുകള്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും സംയുക്തമായി നടത്തേണ്ടതിനാല്‍ രണ്ടുപേര്‍ക്കുമെതിരെ ഭരണസമിതി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതിനിടയില്‍ പി. പ്രഭാകരന്‍ മാണിമൂലയിലുള്ള തന്റെ ഒരേക്കര്‍ സ്ഥലവും ഇരുനിലവീടും ഈ തുക വസൂലാക്കുന്നതിന് വേണ്ടി ബാങ്കിന് റജിസ്റ്റര്‍ ചെയ്ത് തരാമെന്ന് ഭരണസമിതി മുമ്പാകെ വാക്കാല്‍ ഉറപ്പു നല്‍കിയിരുന്നു. അതില്‍ നിന്നും പിന്നീട് അദ്ദേഹം പിന്‍മാറിയപ്പോഴാണ് ഭരണസമിതി പോലീസില്‍ പരാതി നല്‍കിയത്.

KCN

more recommended stories