ചീമേനിയില്‍ 440 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും : മന്ത്രി കടകംപളളി സുരേന്ദ്രന്‍

milano copyചീമേനിയില്‍ 440 കെ വി വൈദ്യുതി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായി വൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കാഞ്ഞങ്ങാട് ടൗണ്‍ 33 കെ വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കും. അഞ്ച് വര്‍ഷം കൊണ്ട് മറ്റ് ജില്ലകളിലേതുപോലെ ഊര്‍ജ്ജമേഖലയില്‍് കാസര്‍കോടിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. 440 കെ വി സബ്‌സ്റ്റേഷന് 2050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വയനാടില്‍ നിന്നും കര്‍ണ്ണാടകില്‍ നിന്നും ഇവിടേയ്ക്ക് വൈദ്യുതി ലൈന്‍ വലിക്കണം. വൈദ്യുതി ലൈന്‍ വലിക്കുമ്പോള്‍ അനാവശ്യമായ ഉത്കണ്ഠ സൃഷ്ടിച്ച് പദ്ധതി മുടക്കുന്ന സാഹചര്യം ഉണ്ടാവരുത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ കിഫ്ബിയില്‍ ഇതിനായി പണം നീക്കിവെച്ചിട്ടുണ്ട്. ജില്ലയില്‍ പ്രവര്‍ത്തികള്‍ വൈകുന്നതിന് കാരണം പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം പരിഗണിച്ച് ജില്ലയ്ക്ക് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
2005 -ല്‍ കാഞ്ഞങ്ങാട് സ്ഥാപിച്ച ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ കമ്മീഷന്‍ ചെയ്യുന്നതിന് കെ എസ് ഇ ബി യുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജില്ലയ്ക്ക് നിര്‍ദ്ദേശിച്ച കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുളള നിരീക്ഷണവും പഠനവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയില്‍ ഉദ്യോഗസ്ഥരുടെ അഭാവം വികസനത്തിന് തടസ്സമാകുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന തസ്തികകളില്‍ കൂടി ജില്ലാതലത്തില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് വൈദ്യുതി ഭവനും കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവനും നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കുറ്റിക്കോല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കിടെ മരിച്ച കരാര്‍ തൊഴിലാളി രാജീവന്റെ രക്ഷിതാക്കള്‍ക്ക് 8,41,000 രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചയ്തു.ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ പി കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, താലൂക്ക് കൗണ്‍സിലര്‍ റംഷീദ് ഹോസ്ദുര്‍ഗ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ പി സതീശ് ചന്ദ്രന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, പ്രമോദ് കരുവളം, എ വേലായുധന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അസീസ് കടപ്പുറം, പി ടി നന്ദകുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ രാഘവന്‍ വെളുത്തോളി, യൂസഫ് ഹാജി എന്നിവര്‍ പങ്കെടുത്തു. കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷന്‍ ആന്റ് സേഫ്റ്റി ഡയറക്ടര്‍ എന്‍ വേണുഗോപാല്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ് ജോര്‍ജ്ജ് കുട്ടി നന്ദിയും പറഞ്ഞു.

 

KCN

more recommended stories