സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കുതിപ്പിലേക്ക്

scകാസര്‍കോട്:    സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ പുതിയ കുതിപ്പിലേക്ക്. പത്താംക്ലാസ്സ്  പാസായ സര്‍ട്ടിഫിക്കനൊപ്പം ഒരു സാങ്കേതിക തൊഴില്‍ ട്രേഡിന്റെ സര്‍ട്ടിഫിക്കറ്റും ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വന്തമാക്കാം .ടി.എച്ച്. എസ്.എല്‍.സി ്  സര്‍ട്ടിഫിക്കറ്റ്, ട്രേഡ്‌സ്മാന്‍  തുടങ്ങി വിവിധ സര്‍ക്കാര്‍ ജോലികള്‍ക്ക് പി.എസ്.സി അംഗീകരിച്ച യോഗ്യതകൂടിയാണ്  മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ബെദ്രഡുക്ക ഭെല്‍ ഫാക്ടറിക്ക് സമീപമുളള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍്  ഏറ്റവും  അധികം തൊഴില്‍ സാധ്യതയുളള കോഴ്‌സുകളാണ്  നല്‍കി വരുന്നത്.  പൊതുവിദ്യാഭ്യാസ വിഷയങ്ങള്‍ക്കു പുറമെ സാങ്കേതികവും ഉല്‍പ്പാദനോന്‍മുഖവുമായ വിവിധ തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ ഇവിടെ സജ്ജരാക്കുന്നു.  50 സീറ്റുകളാണ് എട്ടാം ക്ലാസ്സിലുളളത്. പ്രവേശനത്തിനുളള  അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് അഞ്ചിനകം സമര്‍പ്പിക്കണം.      ഏഴാം ക്ലാസ്സ് പാസ്സായ ഏതൊരു കുട്ടിക്കും ഈ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സിലേക്ക്  പ്രവേശനം നേടാം.  തുടര്‍ന്ന് 9,10 ക്ലാസ്സുകളില്‍  പഠിക്കാം. ഒന്‍പതാം തരം  മുതല്‍ നാലു ട്രേഡുകളിലാണ്  സ്‌പെഷലൈസേഷന്‍ ലഭിക്കുക. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് മെയിന്റനന്‍സ്  ഓഫ് ഡൊമസ്റ്റിക്ക് അപ്ലയന്‍സസ്, ഫിറ്റിംഗ്, വെല്‍ഡിംഗ് എന്നീ വിഷയങ്ങളിലാണ് സ്‌പെഷലൈസേഷന്‍ നല്‍കിവരുന്നത്.
നാഷണല്‍ വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.വി.ഇ.ക്യു.എഫ്) പദ്ധതിയനുസരിച്ച് ദേശീയ തലത്തില്‍ അംഗീകാരമുളള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കത്തക്ക രീതിയില്‍ രണ്ട് തൊഴിലധിഷ്ഠിത പാഠ്യ പദ്ധതികള്‍ കൂടി ഈ വര്‍ഷം മുതല്‍ ഒന്‍പതാം  ക്ലാസ്സിലുണ്ട്. ഇലക്‌ട്രോണിക് എക്യുപ്‌മെന്റ് മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മെയിന്റനന്‍സ് എന്നീ വിഷയങ്ങളാണ്  കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ  സമ്പ്രദായ പ്രകാരം  ഈ വര്‍ഷം മുതല്‍ പഠിപ്പിക്കുന്നത്. ഒന്‍പതാം ക്ലാസ്സ് പാസ്സായ കുട്ടികള്‍ക്ക് ലെവല്‍ ഒന്ന്,  പത്താം ക്ലാസ്സ് പാസ്സാകുന്ന കുട്ടികള്‍ക്ക് ലെവല്‍ രണ്ട് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
ടെക്‌നിക്കല്‍  ഹൈസ്‌കൂള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ എഡ്യൂക്കേഷനുമായി  താരതമ്യപ്പെടുത്തുമ്പോള്‍ എസ്.എസ്.എല്‍.സിക്ക് തുല്യമായ ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഒരു ട്രേഡ് സര്‍ട്ടിഫിക്കറ്റും, കൂടാതെ  എന്‍.സി.ഇ.ക്യു എഫ് ന്റെ  ലെവല്‍ ഒന്ന്, ലെവല്‍ രണ്ട് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍  ലഭിക്കുന്നതാണ്. പോളിടെക്‌നിക്കില്‍ ഉപരിപഠനത്തിന് ടി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു 10 ശതമാനം സംവരണം ലഭിക്കുന്നു.  പോളിടെക്‌നിക്ക് വിജയിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് പ്രവേശനത്തിലും സംവരണം ഉണ്ട്.
കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ പഠന മാധ്യമം ഇംഗ്ലീഷാണ്. ആയതിനാല്‍ ടി.എച്ച്.എസ്.എല്‍.സി  കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  സാങ്കേതികമായ ഉപരിപഠനം  എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയും. ഇത് കൂടാതെ  എസ്.എസ്.എല്‍.സി പാസ്സായ പെണ്‍കുട്ടികള്‍ക്ക് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സും ഇവിടെയുണ്ട്.  സര്‍ക്കാര്‍ ജോലിയടക്കം ഏറ്റവും അധികം തൊഴില്‍ സാധ്യതയുളള കോഴ്‌സ്  കൂടിയാണിത്. 20 പേര്‍ക്കാണ് പ്രവേശനം. മെയ് 15 ന് ശേഷം അപേക്ഷിക്കാം.  വിദഗ്ധരായ  അധ്യാപകര്‍, ലാബോറട്ടറി, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ എല്ലാ  അടിസ്ഥാന സൗകര്യങ്ങള്‍ ഈ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്. 35ഓളം അദ്ധ്യാപകരും, 12 അനധ്യാപക ജീവനക്കാരുമുണ്ട്.   കഴിഞ്ഞ കുറെ വര്‍ഷങ്ങളായി  മൊഗ്രാല്‍ പുത്തൂര്‍ ടെക്‌നിക്കല്‍  ഹൈസ്‌കൂള്‍ നല്ല വിജയശതമാനമാണ് കൈവരിച്ചിട്ടുളളത്. ഈ വര്‍ഷം 100 ശതമാനമാണ് വിജയം നേടിയത്.  പഠന നിലവാരം  മെച്ചപ്പെടുത്താന്‍  പി.ടി.എ പ്രത്യേകം കര്‍മപരിപാടികള്‍  നടപ്പിലാക്കുന്നുണ്ടെന്ന്  പി.ടി.എ പ്രസിഡണ്ട്  ബാബുരാജ്, സ്‌കൂള്‍  സൂപ്രണ്ട് എ. വിനോദ് അറിയിച്ചു.

KCN