വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്ന മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു

camera

കാസര്‍കോട്:  വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ ദേശീയ – സംസ്ഥാന – തീരദേശ പാതയോരങ്ങളില്‍ നൂറിലേറെ ക്യാമറകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ദേശീയപാതയോരങ്ങളിലെ ചിലയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചുവെങ്കിലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി  ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈഎസ്പി ടി.പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി സ്ഥലങ്ങള്‍ നിശ്ചയിച്ചു. കാസര്‍കോട് സബ് ഡിവിഷനിലാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. നായന്മാര്‍മൂല, വിദ്യാനഗര്‍, അണങ്കൂര്‍, പുതിയ ബസ്‌സ്റ്റാന്‍ഡ്, പഴയ ബസ്‌സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രിയുടെ മുന്‍വശം, മാര്‍ക്കറ്റ് റോഡ്, മല്ലികാര്‍ജുന ക്ഷേത്രം, ജാല്‍സൂര്‍ റോഡ്, കറന്തക്കാട് ജംക്ഷന്‍ അഞ്ചെണ്ണം, നുള്ളിപ്പാടി, ചൂരി, മീപ്പുഗിരി, മധൂര്‍ റോഡ്, പൊയിനാച്ചി, ചട്ടഞ്ചാല്‍, പാറക്കട്ട, അടുക്കത്ത്ബയല്‍, ചൗക്കി, പെരിയടുക്കം, ഏരിയാല്‍, മധൂര്‍, പട്ട്‌ല, ബിസി റോഡ്, മേല്‍പ്പറമ്പ്, കാഞ്ഞങ്ങാട്, പുതിയകോട്ട, അലാമിപ്പള്ളി, ജില്ലാ ആശുപത്രി, മാവുങ്കാല്‍, ചിത്താരി, മഡിയന്‍, അതിഞ്ഞാല്‍, ബേക്കല്‍, കല്ലൂരാവി, റയില്‍വേ സ്‌റ്റേഷന്‍, ഇക്ബാല്‍ ജംക്ഷന്‍ തുടങ്ങി നൂറോളം പ്രദേശങ്ങളിലാണു സാമൂഹികവിരുദ്ധരെയും നിയമം ലംഘിച്ചു വാഹനം ഓടിക്കുന്നവരെയും മറ്റും പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഡിവൈഎസ്പി ഓഫിസുകളിലെ കംപ്യൂട്ടറുകളില്‍ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാനാവും. ഈ ഓഫിസുകളില്‍ 24 മണിക്കൂറും ക്യാമറകളിലെ ദൃശ്യം പരിശോധിക്കുന്നതിനായി പൊലീസ് സംഘം ഉണ്ടാവും. അക്രമികള്‍, നിയമലംഘനം നടത്തുന്നവര്‍, സാമൂഹികവിരുദ്ധര്‍ എന്നിവരെ  ഉടനടി പിടികൂടാനാവുന്നതിനു പുറമെ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്താനുമാവും. ജില്ലയിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ജില്ലാ പൊലീസിന്റെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ കുമ്പള മുതല്‍ മഞ്ചേശ്വരം വരെ ഇരുപതിലേറെ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്.

KCN