അമ്മ ഉത്പന്നങ്ങള്‍ക്ക് പിന്നാലെ കല്യാണ മണ്ഡപങ്ങളും തമിഴ്‌നാട്ടില്‍ ഒരുങ്ങുന്നു

jayalalithaചെന്നൈ: അമ്മ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് പിന്നാലെ അമ്മ കല്യാണ മണ്ഡപങ്ങളും തമിഴ്‌നാട്ടില്‍ ഒരുങ്ങുന്നു. 83 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാനത്തെ പതിനൊന്ന് സ്ഥലങ്ങളിലാണ് അമ്മ കല്യാണ മണ്ഡപങ്ങള്‍ ആദ്യം നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി ജെ.ജയലളിത വ്യക്തമാക്കി.

ഓണ്‍ലൈനിലൂടെയായിരിക്കും ബുക്കിങ്ങ് നടപടികളെന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.പാവപ്പെട്ടവര്‍ക്ക് മെച്ചമുണ്ടാകാനാണ് ഇത്തരം മണ്ഡപങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ജയലളിത പറഞ്ഞു. അമ്മ കല്യാണ മണ്ഡപങ്ങളില്‍ വധൂവരന്മാര്‍ക്കായി എയര്‍ കണ്ടീഷണര്‍ മുറികളും അതിഥി മുറികളും വിരുന്നുശാലകളും അടുക്കളയും ഉണ്ടാകും.

ചെന്നൈയില്‍ തൊണ്ടിയാര്‍പെട്ട്, വേലച്ചേരി, അയാംപക്കം, പെരിയാര്‍ നഗര്‍, കൊരട്ടൂര്‍ എന്നിവിടങ്ങളിലും മധുരയില്‍ അണ്ണ നഗര്‍, തിരുനെല്‍വേലിയില്‍ അംബസമുദ്രം, സേലം, തിരുവള്ളൂരില്‍ കുഡുംഗൈയൂര്‍, തിരുപൂരില്‍ ഉദുമല്‍പേട്ട് എന്നിവിടങ്ങളിലായിരിക്കും അമ്മ ഹാളുകള്‍ പണിയുക.

ഇതിനു പുറമേ ചേരി നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി 50,000 വീടുകള്‍ നിര്‍മ്മിക്കാന്‍ 1800 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാടകയ്ക്ക നല്‍കുന്നതില്‍ 908 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് ഹൗസിംഗ് ബോര്‍ഡിനും സഹകരണ സൊസൈറ്റികള്‍ക്കുമാണ് അമ്മ കല്യാണ മണ്ഡപങ്ങളുടെ നിര്‍മ്മാണ ചുമതല.

KCN

more recommended stories