അജ്മീര്‍ ആണ്ടു നേര്‍ച്ച മെയ് രണ്ടു മുതല്‍ ഏഴു വരെ

ajmerr

കാസര്‍കോട് : സമസ്ത കേരള സുന്നി യുവജനസംഘം എര്‍മാളം യൂണിറ്റ് കമ്മിറ്റിയുടെ കീഴില്‍ നടത്തിവരുന്ന അജ്മീര്‍ ആണ്ടു നേര്‍ച്ച മെയ് രണ്ടു മുതല്‍ ഏഴു വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 1 നു രാവിലെ പത്തുമണിക്ക് എട്ടിക്കുളത്ത് താജുല്‍ ഉലമ മഖാം സിയാറത്ത് നടക്കും. മെയ് 2 നു ഉച്ചയ്ക്ക് രണ്ടു മണിക്ക് പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ബി എം അബ്ദുല്ലകുഞ്ഞി ഹാജി പതാക ഉയര്‍ത്തും. രാത്രി ഏഴുമണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ കെ എ അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിക്കും. കെ പി ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹംസ മിസ്ബാഹി ഓട്ടപടവ്, ഹാഫിള്‍ മുഹമ്മദ് സുഫിയാന്‍ സഖാഫി, മംഗലാപുരം അബു ഇബ്രാഹിം ഹാഷിം സഖാഫി കൊല്ലം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
മെയ് ആറിനു നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. ഹാജി കെ എ അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. ദിഖ്‌റ് ദുആ മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും. സമാപന ദിവസമായ ഏഴിനു ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന മൗലീദ് സദസിന് ഹാജി കെ അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ മലപ്പുറവും സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും. വൈകിട്ട് അന്നദാനത്തോടെ ആണ്ടു നേര്‍ച്ച സമാപിക്കും.
ബി എ ലത്തീഫ് മൗലവി, കെ എ അഹമ്മദ് കൊല്ലമ്പാടി,, കെ എ അബ്ദുല്‍മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

KCN