തമിഴ്‌നാടിന് 6000 ഘനയടി ജലം വിട്ടു നല്‍കണം: സുപ്രീംകോടതി

kaveri-2ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് ഇന്ന് മുതല്‍ മൂന്ന്‌ന ദിവസത്തേക്ക് തമിഴ്‌നാടിന് 6000 ഘനയടി ജലം വിട്ടു നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജലത്തര്‍ക്കം സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദ്ദേശവും നല്‍കി.
ജലം വിട്ടു കൊടുക്കാനാവില്ലെന്ന കര്‍ണാടകയുടെ നിലപാടിനെ കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ വ്യവസ്ഥയില്‍ ഒരു പരിഹാരമല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. ഇതിനായി കര്‍ണാടകയിലേയും തമിഴ്‌നാടിലേയും മുഖ്യമന്ത്രിമാരെ കൂടിക്കാഴ്ചയ്ക്കായി രണ്ടു ദിവസത്തിനകം വിളിക്കുമെന്നും എ.ജി പറഞ്ഞു.
കാവേരി നദിയിലെ ജലം തമിഴ്‌നാടിന് വിട്ടു കൊടുക്കാതിരിക്കാന്‍ കര്‍ണാടക നിയമസഭ പാസാക്കിയ പ്രമേയത്തെ കണക്കിലെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിര്‍ദ്ദേശിക്കണമെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫാലി നരിമാനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

 

KCN

more recommended stories