കുട്ടികളുടെ സ്ഥാപനങ്ങള്‍ ജുവനൈല്‍ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യും

കാസര്‍കോട് : സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. സര്‍ക്കാര്‍ ഹോമുകള്‍, ഒബ്‌സര്‍വേഷന്‍ ഹോമുകള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി കമ്മീഷന്‍ അംഗങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പും സര്‍ക്കാരും കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിശുചിത്വം, വിനോദോപാധികള്‍ ലഭ്യമാക്കല്‍ മുതലായവയില്‍ സമയബന്ധിതമായി കൈക്കൊളളണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കും.
സംസ്ഥാനത്ത് നിലവില്‍ ആയിരത്തിലധികം അനാഥാലയങ്ങളാണുളളത്. ഇത്തരം അനാധാലയങ്ങള്‍ ഇപ്പോള്‍ ഓര്‍ഫനേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് (സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍) ആക്ട് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനാഥാലയങ്ങള്‍, സന്നദ്ധസംഘടനകളും സര്‍ക്കാരും നടത്തുന്ന കുട്ടികളെ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ  സമയബന്ധിതമായി ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്ന്  സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
2009 ലെ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുളള അവകാശത്തിലെ വ്യവസ്ഥകള്‍, ന്യൂനപക്ഷ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ബാധകമല്ലെന്ന വിവിധ കോടതികളുടെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതിന് ദേശീയ ബാലാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി വിവിധ സംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികളെ മടക്കി അയയ്ക്കാനുളള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. കേരളമെമ്പാടുമുളള ഇത്തരം കുട്ടികള്‍ക്കായി തീരുവനന്തപുരത്ത് ഒരു റിസപ്ഷന്‍ സെന്റര്‍ തുടങ്ങാനും അവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലധിഷ്ടിത പരിശീലനവും നല്‍കാനും ശുപാര്‍ശ ചെയ്യും.
ബാലവിവാഹം  സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പബ്ലിക് ഹിയറിങ്ങ് നടത്താനും കമ്മീഷന്‍ തീരുമാനിച്ചു. 2014-15 ലെ ആക്ഷന്‍ പ്ലാന്‍ കമ്മീഷന്‍ അംഗീകരിച്ചു.

KCN