കോണ്‍ക്രീറ്റ് തടയണയുടെ സ്ഥാനം മാറ്റുന്നതിനു ശ്രമമെന്ന് ആരോപണം

thadayanaകാസര്‍കോട്:   കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ചന്ദ്രഗിരിപ്പുഴയില്‍ പുനര്‍നിര്‍മാണം ആരംഭിക്കേണ്ട കോണ്‍ക്രീറ്റ് തടയണയുടെ സ്ഥാനം മാറ്റുന്നതിനു ജലസേചന വകുപ്പിലെ ഉന്നതരും രാഷ്ട്രീയ സ്വാധീനമുള്ള സ്ഥാപിത താല്‍പ്പര്യക്കാരും ഒത്തുകളിക്കുന്നതായി ആംആദ്മി പാര്‍ട്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ പെരുമ്പള ആരോപിച്ചു. ആഴം കൂട്ടുന്നതടക്കമുള്ള സാങ്കേതിക കാരണങ്ങളാല്‍ ഓരോ വര്‍ഷവും എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു 2.63 കോടിയില്‍ തുടങ്ങിയ പദ്ധതി കരാറുകാര്‍ മാറിമാറി ഇപ്പോള്‍ 11.5 കോടിയില്‍ എത്തി നില്‍ക്കുകയാണ്. നിര്‍മാണച്ചുമതലയുള്ള ചെറുകിട ജലസേചന വകുപ്പില്‍ മാറിമാറിവരുന്ന ഉദ്യോഗസ്ഥര്‍ക്കു പണി നീണ്ടുപോകുന്നതു കൊണ്ടും മറ്റും ഈ വിഷയത്തിലുള്ള താല്‍പ്പര്യവും കുറഞ്ഞുവരുന്നു. 1978ല്‍ മുതല്‍ മണല്‍ചാക്കുകള്‍ കൊണ്ടു താല്‍ക്കാലിക തടയണ നിര്‍മിച്ച് ജലവിതരണം നടത്തുന്ന ജല അതോറിറ്റി വര്‍ഷവും ഇതിനായി വലിയ തുക ചെലവിടുന്നു. തുടക്കത്തില്‍ രണ്ടു ലക്ഷം രൂപയാണ് ചെലവിട്ടതെങ്കില്‍ ഈ വര്‍ഷത്തെ ചാക്ക് തടയണക്ക് കൊടുത്തതു 10 ലക്ഷമാണ്. മുനമ്പത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ പയസ്വിനിപ്പുഴയില്‍ മുളിയാര്‍ ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു 104.2 മീറ്റര്‍ വീതിയില്‍ 20.80 കോടി രൂപ ചെലവുള്ള ഒരു ബണ്ട് നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. കുടിവെള്ളം, ജലസേചന ആവശ്യങ്ങള്‍ക്കായുള്ള ഈ ബ്രിജ് കം റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അതിനു താഴെ കാസര്‍കോട് നഗരസഭ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളെ  ഉദ്ദേശിച്ചുകൊണ്ട് നിര്‍മിക്കുന്ന ബാവിക്കര ബണ്ടിലേക്കുള്ള ജലലഭ്യത കുറയും. എല്ലാ പ്രദേശത്തും ജല ലഭ്യത ഉറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂട്ടായി ധാരണപത്രം രജിസ്റ്റര്‍ ചെയ്യണം. കരിച്ചേരി പുഴയില്‍ മുനിക്കല്‍ ഭാഗത്ത് ബേക്കല്‍ ടൂറിസത്തിനു വേണ്ടി 105 മീറ്റര്‍ വീതിയിലും 4.7 മീറ്റര്‍ ഉയരത്തിലുമായി നിര്‍മിക്കുന്ന സ്ഥിരം ബണ്ടിന്റെ കാര്യവും പരിഗണിക്കണമെന്നും കാസര്‍കോട് ശുദ്ധജലവിതരണ പദ്ധതി നവീകരണത്തിനു ജവാഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ മുഖേന 69 കോടി രൂപ ലഭിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച പദ്ധതി ഉടന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

 

KCN

more recommended stories